6 വർഷം: 10 കോടി ലീറ്റർ ഇന്ധനം ലാഭിച്ചു; ട്രെയിൻ കയറി 6.7 ലക്ഷം മാരുതി

കഴിഞ്ഞ ആറു വർഷത്തിനിടെ 6.70 ലക്ഷം വാഹനങ്ങൾ റയിൽ മാർഗേന അയച്ചതായി രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഇതുവരെ കാർബൺ ഡയോക്സൈഡ് മലിനീകരണം 3,000 ടൺ കുറയ്ക്കാൻ സാധിച്ചതിനൊപ്പം 10 കോടി ലീറ്റർ ഇന്ധനവും ലാഭിച്ചതായി കമ്പനി അവകാശപ്പെട്ടു. ചരക്ക് ട്രെയിനുകൾ വഴി 2014 മാർച്ച് മുതലാണു മാരുതി സുസുക്കി കാറുകൾ കയറ്റി വിട്ടു തുടങ്ങിയത്. കാർ നീക്കം റയിൽ മാർഗമാക്കിയതോടെ ഒരു ലക്ഷം ട്രക്ക് ട്രിപ്പുകൾ കുറഞ്ഞെന്നാണു കമ്പനിയുടെ കണക്ക്.  

റയിൽ മാർഗമുള്ള കാർ നീക്കത്തിനായി ആദ്യ ഓട്ടമൊബീൽ ഫ്രെയ്റ്റ് ട്രെയിൻ ഓപ്പറേറ്റർ (എ എഫ് ടി ഒ) ലൈസൻസ് നേടിയതും മാരുതി സുസുക്കിയായിരുന്നു. തുടക്കത്തിൽ 125 കാറുകൾ വഹിക്കാൻ ശേഷിയുള്ള ഒറ്റ നില വാഗണുകളാണു മാരുതി സുസുക്കി ഉപയോഗിച്ചിരുന്നത്; പിന്നീട് 265 കാറുകൾ വഹിക്കാൻ ശേഷിയുള്ള ഇരുനില റേക്കുകൾ രംഗത്തിറക്കി. ആകെ 1.40 ലക്ഷത്തോളം കാറുകളാണ് ഇത്തരം ഇരുനില വാഗണുകളിൽ കയറ്റി വിട്ടതെന്നും കമ്പനി വ്യക്തമാക്കുന്നു. അടുത്തയിലെ കൂടുതൽ കാറുകൾ വഹിക്കാൻ ശേഷിയുള്ള, നൂതന രൂപകൽപ്പനയുള്ള റേക്കും മാരുതി സുസുക്കിക്ക് അനുവദിച്ചിട്ടുണ്ട്; 318 കാറുകളാണ് ഈ റേക്കിന്റെ ശേഷി. മണിക്കൂറിൽ പരമാവധി 95 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ പ്രാപ്തിയുള്ള ഇത്തരം 27 റേക്കുകളാണു നിലവിൽ മാരുതി സുസുക്കിയുടെ പക്കലുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ടെർമിനലുകളിൽ നിന്നാണു മാരുതി സുസുക്കി കാർ കയറ്റി അയയ്ക്കുന്നത്: ഗുരുഗ്രാം, ഫാറൂഖ് നഗർ, കത്തുവാസ്, പട്ലി, ഡെട്രൊജ്. വിവിധ സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിലേക്കാണു മാരുതി സുസുക്കിയുടെ ‘കാർ ട്രെയിൻ’ സർവീസ് നടത്തുന്നത്. ബെംഗളൂരു, നാഗ്പൂർ, മുംബൈ, ഗുവാഹത്തി, മുന്ദ്ര തുറമുഖം, ഇൻഡോർ, കൊൽക്കത്ത, ചെന്നൈ, ഹൈദരബാദ്, അഹമ്മദബാദ്, ഡൽഹി രാജ്യതലസ്ഥാന മേഖല, സിലിഗുരി, അഗർത്തല എന്നിവിടങ്ങളിലെല്ലാം മാരുതി കാറുകൾ ട്രെയിൻ മാർഗം എത്തുന്നുണ്ട്. യാത്ര ട്രെയിനിലാക്കിയതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറഞ്ഞതായും മാരുതി സുസുക്കി അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം മൊത്തം 1.78 ലക്ഷം മാരുതി സുസുക്കി കാറുകളാണ് ഇന്ത്യൻ റയിൽവേ കൈകാര്യം ചെയ്തത്; മുൻ വർഷത്തെ അപേക്ഷിച്ച് 15% അധികമാണിത്. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം മൊത്തം കാർ ഉൽപ്പാദനത്തിന്റെ 12% ആണു കമ്പനി ട്രെയിൻ മാർഗം കയറ്റിവിടുന്നത്.