ക്വാറന്റീൻ കേന്ദ്രത്തിൽ ടിവിയും മദ്യവും ആവശ്യപ്പെട്ട് ബഹളം; സുഹൃത്തുക്കളെ വിളിച്ചുവരുത്തി

കോഴിക്കോട്: വിദേശത്ത് നിന്നെത്തി സർക്കാർ ക്വാറന്റീനിൽ കഴിയുന്ന യുവാവിനെതിരെ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീൻ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി. പരാതിയെത്തുടർന്നു നടക്കാവ് സ്വദേശിക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.  ഇയാളെ കാണാനെത്തിയ ഗാന്ധിറോഡ് സ്വദേശി എൻ.പി.മുസാബിറിനെതിരെയും കേസെടുത്തു. ക്വാറന്റീനിലുള്ളവരെ പരിചരിക്കാൻ എത്തിയപ്പോൾ ആരോഗ്യപ്രവർത്തകർ മുസാബിറിനെ തിരിച്ചയച്ചിരുന്നു. 

ആരോഗ്യപ്രവർത്തകരുടെ നിർദേശം ലംഘിച്ച് വീണ്ടും മുസാബിർ ലഹരി ഉൽപന്നങ്ങളുമായി ക്വാറന്റീൻ കേന്ദ്രത്തിലെത്തി. ക്വാറന്റീനിൽ കഴിയുന്നയാൾ വിദേശത്തു നിന്ന് എത്തിയതു മുതൽ വൊളന്റിയർമാരുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. മുറിയിൽ ടിവി വേണമെന്നു പറഞ്ഞാണു പ്രശ്‌നത്തിന്റെ തുടക്കം. പിന്നീട്, വിദേശത്ത് നിന്ന് എത്തിച്ച മദ്യവും ഇയാൾ കേന്ദ്രത്തിൽനിന്നു കഴിച്ചതായും പൊലീസ് അറിയിച്ചു. ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ വി.കെ.പ്രമോദിന്റെ പരാതിയിലാണു ടൗൺ പൊലീസ് കേസെടുത്തത്.