മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ ആംബുലൻസിൽ യാത്ര; 15 പേർ പിടിയിൽ

മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ പോയവര്‍ കൊല്ലം കാപ്പില്‍ പിടിയില്‍. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പടെ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അമിത വേഗതയില്‍ എത്തിയ ആംബലുന്‍സ് കണ്ട് പൊലീസുകാര്‍ക്ക് സംശയം തോന്നി. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തിയായ കാപ്പില്‍ വെച്ച് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ പതിനഞ്ചു പേരായിരുന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നായിരുന്നു മറുപടി.  അടുത്ത ബന്ധുക്കളായ  അഞ്ചു പേര്‍ക്ക് യാത്ര തുടരാന്‍ അനുമതി നല്‍കി പൊലീസ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തു.

ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയേക്കും.