കോവിഡിനിടയില്‍ ഇരട്ട ദുരിതം പേറുന്ന അർബുദ രോഗികൾ; തല ചായ്ക്കാനിടമില്ല

കോവിഡ് 19 ഭീതിപരത്തുന്നതിനിടെ  ജീവന്‍ തന്നെ അപകടത്തിലായി അര്‍ബുദ രോഗികള്‍. തിരുവന്തപുരം ആര്‍ സി സിയിലുള്‍പ്പെടെ അടിയന്തര റേഡിയേഷനും കീമോതെറപ്പിക്കും എത്തുന്നവര്‍ക്ക് തലചായ്ക്കാന്‍ ഇടമില്ല. സന്നദ്ധ സംഘടനകളുടെ താമസസ്ഥലങ്ങളില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിച്ചതോടെയാണിത്. ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ സൗജന്യപാസ് ലഭിക്കാതെ വാഹനക്കൂലിയായി ആയിരങ്ങള്‍ നല്കണമെന്നതും പാവപ്പെട്ട രോഗികളെ വലയ്ക്കുന്നു. 

കായംകുളത്തു നിന്ന് കീമോ തെറപ്പിക്ക് എത്തിയതാണിവര്‍. ബ്ളഡ് കൗണ്ട് കുറഞ്ഞു പോകുകയോ അസ്വസ്ഥതയുണ്ടാകുകയോ ചെയ്താല്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്ന് ഡോക്ടര്‍ പറ‍ഞ്ഞിട്ടുണ്ട്.  എവിടെ താമസിക്കുമെന്നറിയില്ല. 

അച്ഛന്റെ അര്‍ബുദ ചികില്‍സയ്ക്കായി പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയതാണ് ഈ യുവാവ്. റേഡിയേഷനു ശേഷം താമസ സ്ഥലം ലഭിക്കാതെ വര്‍ക്കലയിലെ ബന്ധുവീട്ടിലേയ്ക്ക് പോയതോടെ അവശതയിലായ അച്ഛനെയും കൊണ്ട് വീണ്ടും തിരികെ വന്നു.

റേഡിയേഷനും കീമോതെറപ്പിയുമൊന്നും ഇവര്‍ക്ക് അധിക ദിവസം നീട്ടി വയ്ക്കാനാകില്ല. ഇതുവരെ ചെയ്തതിന്റെ ഫലം പോകുമെന്നു മാത്രമല്ല ആരോഗ്യനിലയും വഷളാകും. റേഡിയേഷനും കീമോതെറപ്പിയും കിടത്തി ചികില്‍സയുടെ ഭാഗവുമല്ല. റേഡിയേഷന്‍ ഒരുമാസം വരെ നീളാം.