പുഴയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണത്; നിര്‍ണായക പരിശോധന

കൊട്ടിയം (കൊല്ലം) : ദേവനന്ദയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ വഴിത്തിരിവായി ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. പുഴയിൽ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല ദേവനന്ദ വീണതെന്നാണു ഫൊറൻസിക് തെളിവുകൾ വിരൽചൂണ്ടുന്നത്. അന്വേഷണം പൊലീസ് ഊർജിതമാക്കി. ബന്ധുക്കളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

വീടിന് 400 മീറ്റർ അകലെ പള്ളിമൺ ആറിനു കുറുകെ നിർമിച്ച താൽക്കാലിക നടപ്പാലത്തിനടുത്താണു ദേവനന്ദയുടെ (7) മൃതദേഹം കണ്ടത്. എന്നാൽ, ഈ ഭാഗത്തല്ല കുട്ടി വീണതെന്നാണു ഫൊറൻസിക് വിദഗ്ധരുടെ നിഗമനം. വീടിന് 70 മീറ്റർ അടുത്തുള്ള കടവിൽ വീണ ശേഷം ഇവിടേക്ക് ഒഴുകി വന്നതാകാമെന്ന സാധ്യതയും പരിശോധിക്കുന്നു. പള്ളിമൺ ആറിന്റെ പല ഭാഗങ്ങളിൽ നിന്നു കഴിഞ്ഞ ദിവസം ഫൊറൻസിക് വിദഗ്ധർ വെള്ളവും ചെളിയും ശേഖരിച്ചിരുന്നു. ഇതു പരിശോധിച്ചാണു പ്രാഥമിക നിഗമനം. ഫൊറൻസിക് റിപ്പോർട്ട് 2 ദിവസത്തിനകം ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. 

ദേവനന്ദയുടെ ബന്ധുക്കളിൽ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് ശ്രമം തുടങ്ങി. ആദ്യം നൽകിയ മൊഴിയും പിന്നീട് പറഞ്ഞതും തമ്മിലുള്ള വൈരുധ്യം പരിശോധിക്കാനാണിത്. ബന്ധുക്കളും അയൽക്കാരുമടക്കം അൻപതോളം പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. 

ദേവനന്ദയുടേതു മുങ്ങിമരണമാണെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാൽ ആറ്റിൽ വീഴാനുണ്ടായ സാഹചര്യം കൂടി കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ കാണാതായ ദിവസം പൊലീസ് നായ തൊട്ടുതാഴത്തെ വീട്ടിലും പിന്നീട് തടയണ മറികടന്ന് ക്ഷേത്രത്തിനു പിന്നിൽ അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടുമുറ്റത്തും ചെന്നത് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.