ദേവനന്ദയുടെ മരണം: സംശയകരമായ ഒന്നും കണ്ടെത്താനാകാതെ അന്വേഷണ സംഘം

ദേവനന്ദയുടെ മരണത്തില്‍ ഇതുവരെ സംശയകരമായ ഒന്നും കണ്ടെത്തനാകാതെ അന്വേഷണ സംഘം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് പോലെ മുങ്ങിമരണമാണെന്ന നിഗമനത്തിലേക്കാണ് ഉദ്യോഗസ്ഥരും എത്തുന്നത്. കൂടുതല്‍ അന്വേഷണത്തിനായി ഫൊറൻസിക് സംഘം അപകട സ്ഥലം പരിശോധിച്ചു.

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കാണാതായത്. മൃതദേഹം വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നു വെള്ളിയാഴ്ച്ച രാവിലെ കണ്ടെത്തി. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്തിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്‍പതോളം പേരെ ചോദ്യം ചെയ്തു. ഒട്ടേറെ മൊബൈല്‍ ഫോണുകളും കോള്‍ രേഖകളും പരിശോധിച്ചു. പക്ഷേ അസ്വഭാവികമായതൊന്നും കണ്ടെത്തനായിട്ടില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.കെ.ശശികലയുടെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടും കുട്ടി പുഴയിലേക്കുള്ള വഴിയും വിശദമായി പരിശോധിച്ചു. ഫൊറൻസിക് റിപ്പോർട്ടും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി പരിഗണിച്ചാകും തുടരന്വേഷണം.