flight-theft

സ്ഥിരമായി വിമാനങ്ങള്‍ കയറി മോഷണം നടത്തിയിരുന്നയാളെ ഒടുവില്‍ വലയിലാക്കി ഡല്‍ഹി പൊലീസ്. വിമാനത്തിലെ യാത്രക്കാരുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളുമാണ് നാല്‍പതുകാരന്‍ മോഷ്ടിച്ചിരുന്നത്. ഒരു വര്‍ഷത്തിനിടെ രാജേഷ് കപൂര്‍ എന്ന ഇയാള്‍ ഇരുന്നൂറോളം വിമാനങ്ങള്‍ കയറി. 365 ദിവസങ്ങളില്‍ 110 ദിവസങ്ങളോളം വിമാനയാത്രകള്‍ക്കു വേണ്ടി മാത്രം മാറ്റിവച്ചു എന്നാണ് പൊലീസ് പറയുന്നത്.

 

ഡല്‍ഹിയിലെ പഹര്‍ഗങ്ജില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ മോഷ്ടിച്ച ആഭരണമുണ്ടായിരുന്നതായാണ് വിവരം. മറ്റൊരാള്‍ക്ക് ഇത് വില്‍ക്കാനുള്ള പദ്ധതി ഇതോടെ പൊളിഞ്ഞു. രണ്ട് വിമാനങ്ങളിലായി സഞ്ചരിച്ച രണ്ടുപേരില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം രാജേഷ് കപൂറിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നു മാസങ്ങള്‍ക്കുള്ളിലാണ് രണ്ട് മോഷണങ്ങളും നടന്നത്.

 

ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യവേ ഏഴ് ലക്ഷത്തോളം രൂപ മൂല്യമുള്ള ആഭരണം നഷ്ടമായി എന്ന് ഏപ്രില്‍ 11ന് ഒരു യാത്രക്കാരന്‍ പരാതിപ്പെട്ടു. ഫെബ്രുവരി രണ്ടിന് മറ്റൊരു യാത്രക്കാരന്‍റെ 20 ലക്ഷം രൂപയുടെ ആഭരണങ്ങളും നഷ്ടമായി. അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവികളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലെക്കെത്തിയത്.

 

രണ്ട് വിമാനങ്ങളിലും പ്രതി യാത്ര ചെയ്തതായി കണ്ടെത്തി. വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പര്‍ അടക്കം കണ്ടെത്തി. എന്നാല്‍ ഇത് വ്യാജമായിരുന്നു. തുടര്‍ അന്വേഷണങ്ങളില്‍ പ്രതിയുടെ യാഥാര്‍ഥ മൊബൈല്‍ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് പ്രതി കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

 

ഓണ്‍ലൈനായും ഓഫ് ലൈനായും ചൂതാട്ടത്തിനാണ് മോഷ്ടിച്ച സാധനങ്ങള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ചതെന്നാണ് പൊലീസില്‍ പ്രതി മൊഴി നല്‍കിയിരിക്കുന്നത്. 11 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് കണ്ടെത്തല്‍. ഇതില്‍ അഞ്ചു കേസുകളും വിമാനയാത്രക്കിടയിലെ മോഷണമാണ്. മറ്റ് ചില മോഷണക്കേസുകളിലും ചൂതാട്ടം, വഞ്ചാനാക്കുറ്റങ്ങളിലും ഇയാള്‍ പ്രതിയാണ്.

 

എയര്‍ ഇന്ത്യ, വിസ്താര വിമാനങ്ങളിലായിരുന്നു ഇയാള്‍ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. മിക്ക സന്ദര്‍ഭങ്ങളിലും മോഷണത്തിനിരയായത് പ്രായമായ സ്ത്രീകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കിടയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ബാഗില്‍ സൂക്ഷിക്കുന്ന പ്രവണത കൂടുതലാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതി ഇക്കൂട്ടരെ തിരഞ്ഞെടുത്തത്. ബോര്‍ഡിങ് സമയത്തും മറ്റും ഇവരെ സഹായിക്കാനെന്ന വ്യാജേന പ്രതി പിന്നാലെ കൂടും, തരം കിട്ടുമ്പോള്‍ ബാഗിലുള്ള വസ്തുക്കള്‍ മോഷ്ടിക്കും. നോട്ടമിട്ട ചിലര്‍ക്കൊപ്പം വിമാനത്തില്‍ തൊട്ടടുത്ത സീറ്റ് സംഘടിപ്പിക്കാനും ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. തന്‍റെ വ്യക്തവിവരങ്ങള്‍ പുറത്തറിയാതിരിക്കാനായി രോഗിയായ സഹോദരന്‍റെ തിരിച്ചറിയല്‍ രേഖയടക്കം ഉപയോഗിച്ചാണ് ഇയാള്‍ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. 

 

Delhi man takes 200 flights in a year, steals passengers' valuables, arrested.