ഷാഡോ പൊലീസ് ചമഞ്ഞ് യുവാക്കളെ മര്‍ദിച്ചെന്ന് പരാതി

kattakada-attackj
SHARE

തിരുവനന്തപുരം കാട്ടാക്കടയില്‍ ഷാഡോ പൊലീസ് ചമഞ്ഞ് യുവാക്കളെ മര്‍ദിച്ചെന്ന് പരാതി. അര്‍ദ്ധരാത്രി സിനിമകണ്ട് മടങ്ങും വഴിയാണ് വെള്ളനാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് അ‍ജ്ഞാതരുടെ മര്‍ദനമേറ്റത്. മര്‍ദിച്ചതിനുശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവാക്കളുടെ മൊബൈല്‍ ഫോണും കവര്‍ന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് കാട്ടാക്കട തീയേറ്ററില്‍ നിന്ന് സിനിമ കണ്ട് മടങ്ങും വഴി നക്രാഞ്ചിറയ്ക്ക് സമീപത്തുവച്ച് വെള്ളനാട് സ്വദേശികളായ മനു, വിഷ്ണു എന്നിവരെ രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതര്‍ മര്‍ദിച്ചത്. ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരിക്കുകയായിരുന്ന യുവാക്കള്‍ക്ക് സമീപത്തേക്ക് രണ്ടുബൈക്കുകളിലായി അജ്ഞാതരായ രണ്ടുപേര്‍ എത്തി. എന്തിനാണ് ഇവിടെയിരിക്കുന്നത് എന്നായിരുന്നു ആദ്യ ചോദ്യം. തുടര്‍ന്ന് ഷാഡോ പൊലീസുകാരാണെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യണമെന്നും പറഞ്ഞു. ബലമായി ബൈക്കില്‍ കയറ്റി പൂവച്ചല്‍ ഭാഗത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച് മര്‍ദിച്ചെന്നാണ് യുവാക്കള്‍ കാട്ടാക്കട പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. ഇരുവരുടെയും ശരീരമാസകലം പരുക്കുണ്ട്, കൈകള്‍ക്ക് പൊട്ടലുമുണ്ട്. 

കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഇരുവരുടെയും മൊബൈല്‍ ഫോണും കവര്‍ന്ന അജ്ഞാതര്‍ ബൈക്കില്‍ കയറി പോയി. അല്‍പസമയത്തിനുശേഷം ഇവര്‍ മടങ്ങിയെത്തിയെങ്കിലും മനുവും വിഷ്ണുവും ഒളിച്ചിരുന്നു. സംഭവത്തിനുശേഷം പ്രദേശത്തെ ചിലരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും  വടിയെടുത്ത് ആട്ടിപ്പായിച്ചെന്നും യുവാക്കളുടെ പരാതിയില്‍ പറയുന്നു. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാട്ടാക്കട പൊലീസ് അജ്ഞാതര്‍ക്കായി അന്വേഷണം തുടങ്ങി.  

MORE IN Kuttapathram
SHOW MORE