ഒറ്റയടിപ്പാതയിൽ മുള്ളുള്ള ചെടികൾ, ആറ്റിൽ കരിങ്കല്ലുകൾ; എന്നാൽ ശരീരത്തിൽ മുറിവില്ല

കൊട്ടിയം (കൊല്ലം): ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഫൊറൻസിക് വിദഗ്ധരുടെ നിർദേശത്തെത്തുടർന്ന് അഗ്നിരക്ഷാ സേന പള്ളിമൺ ആറിലെ വിവിധ ഭാഗങ്ങളിൽ നിന്നു പരിശോധനയ്ക്കായി ചെളിയും വെള്ളവും ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ വയറ്റിൽ ചെളി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ വയറിൽ കണ്ട ചെളി ആറിന്റെ ഏതു ഭാഗത്തുള്ളതാണെന്നു കണ്ടെത്താനായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം വിവിധ ഭാഗങ്ങളിലെ ചെളി ശേഖരിച്ചത്.

ഫൊറൻസിക് സംഘവും അഗ്നിരക്ഷാ സേനയ്ക്കൊപ്പമുണ്ടായിരുന്നു. ആറിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണെടുത്തതിനെ തുടർന്നു 20 അടി താഴ്ചയുള്ള ഭാഗങ്ങളും ചുഴികളും ഉള്ളതായി സ്കൂബാ ടീം കണ്ടെത്തി. കുട്ടി വീടിനടുത്തെ കടവിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ വീണതാണെങ്കിൽ ചുഴികളിൽപ്പെടാനും ആറിന്റെ വശങ്ങളിലെ ചോല മരങ്ങളുടെ വേരുകളിൽ മൃതദേഹമോ ഷാളോ തടയാനും ഇടയുണ്ട്.

മാത്രമല്ല ചില ഭാഗത്തു വലിയ കരിങ്കല്ലുകളും കാണപ്പെട്ടതിനാൽ ഇതിൽ തട്ടി മുറിവുണ്ടാകാനും സാധ്യതയേറെയാണ്. കുട്ടി വീണത് താൽക്കാലിക തടയണ ഭാഗത്താണ് എന്ന നിലയിലേക്കാണ് അന്വേഷണം പോകുന്നത്. ഇനി കുട്ടി എങ്ങിനെ ഇവിടം വരെ തനിച്ചെത്തി എന്ന കാര്യമാണു കണ്ടെത്തേണ്ടത്. വിജനമായ റബർ തോട്ടത്തിലൂടെയും ആറിന്റെ തീരത്തെ ഒറ്റയടിപ്പാതയിലൂടെയും 7 വയസ്സുള്ള കുട്ടി തനിച്ച് ഒരിക്കലും നടന്നു പോകില്ലെന്നാണു വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിപ്രായം.

മാത്രമല്ല തടയണ ഭാഗത്തെ ഒറ്റയടിപ്പാതയിലെ ഇരു വശത്തും തറപറ്റിക്കിടക്കുന്ന മുള്ളുള്ള കാട്ടു ചെടികളുമുണ്ട്. ചെരിപ്പില്ലാതെ വന്നാൽ കാലിൽ മുള്ളു തറയ്ക്കാനും ഇടയുണ്ട്. ഇത്തരത്തിലുള്ള പരുക്കുകളൊന്നും കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല കുട്ടി ചെരിപ്പില്ലാതെ വീടിനു പുറത്ത് ഇറങ്ങാറില്ല. കുട്ടി ഉപയോഗിച്ച ചെരിപ്പ് വീടിനുള്ളിലെ സ്വീകരണ മുറിയിലാണ് കണ്ടത്. ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള പൊലീസിന്റെ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.