ഒരാള്‍ക്കല്ലേ അവാര്‍ഡ് നല്‍കാനാവൂ; ജൂറി തീരുമാനം അംഗീകരിക്കുന്നു; ദേവനന്ദ

മികച്ച ബാലതാരത്തിനുള്ള  സംസ്ഥാന ചലച്ചിത്ര  പുരസ്കാരത്തിനെതിരായ വിമര്‍ശനങ്ങളെ തള്ളി മാളികപ്പുറം സിനിമയിലെ ബാലതാരം ദേവനന്ദ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും മികച്ച ബാലതാരമായി െതരഞ്ഞെടുക്കപ്പെട്ട തന്മയയെ അഭിനന്ദിക്കുന്നുവെന്നും ദേവനന്ദ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം   പ്രധാനപ്പെട്ട ഒരു പുരസ്കാരത്തിനായി മുതിര്‍ന്ന സംവിധായകന്‍ കത്തയച്ചതില്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ക്ക് അതൃപ്തിയുണ്ട്. 

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ബാലതാരത്തിന് ദേവനന്ദയെ പരിഗണിച്ചില്ലെന്ന ആരോപണങ്ങള്‍ക്ക് ഒടുവില്‍ ദേവനന്ദ തന്നെ മറുപടി നല്‍കി. അവാര്‍ഡിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ കലഹിക്കുന്ന മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകരെപ്പോലും നാണിപ്പിക്കുന്നതാണ് ഈ മിടുക്കിയുടെ പ്രതികരണം.

ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീ വിഭാഗത്തില്‍ സ്ത്രീയായ ശ്രുതി ശരണ്യത്തിന് അവാര്‍ഡ് നല്‍കിയതിനെതിരെ 'അദേഴ്സ്' സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഇഷ രംഗത്തെത്തി. വിവിധ വിഭാഗങ്ങളിലായി ആകെ 84 ചിത്രങ്ങളാണ് പ്രാഥമിക ജൂറിക്ക് മുന്‍പില്‍ എത്തിയത്. ഇതില്‍നിന്ന് അവാര്‍ഡ് നിര്‍ണയത്തിന് അന്തിമ ജൂറിക്ക് മുന്‍പാകെ നാല്‍പത്തിമൂന്ന് ചിത്രങ്ങളാണ് എത്തിയത്. എന്നാല്‍ പ്രാഥമിക ജൂറി തള്ളിയ ഒാട്ടോറിക്ഷക്കാരന്റെ ഭാര്യ, സ്വന്തം ശ്രീധരന്‍, ബര്‍മുഡ തുടങ്ങി അഞ്ച് ചിത്രങ്ങള്‍ അന്തിമ ജൂറി വിളിച്ചുവരുത്തി കണ്ടു. ഈ ചിത്രങ്ങളില്‍ ഒന്നിനായി മുതിര്‍ന്ന സംവിധായകന്‍ ജൂറിക്ക് കത്ത് നല്‍കിയിരുന്നതായും സൂചനയുണ്ട്. എന്നാല്‍ വിളിച്ചവരുത്തി കണ്ട ചിത്രങ്ങള്‍ ജൂറി പിന്നീട് തള്ളി. ജൂറിയെ സ്വാധീനിക്കാന്‍ പഴയ തലമുറയില്‍പ്പെട്ട ചിലര്‍ ശ്രമിച്ചുവെന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍  രഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍ ഈ പശ്ചാത്തലത്തിലാണ്.

Actress Devananda on state film award row