ഉപയോഗശൂന്യമായ കുളത്തില്‍ വിജയംകൈവരിച്ച് മത്സ്യകര്‍ഷകന്‍; മത്സ്യകൃഷിയിലെ വിജയകഥ

പായലും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായ കുളത്തില്‍ വിജയംകൈവരിച്ച്  മത്സ്യകര്‍ഷകന്‍. ഇലക്ട്രിക് ജോലിയില്‍ നിന്ന് മത്സ്യകൃഷിയിലേയ്ക്ക് ചുവടുമാറ്റിയ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി മധുസൂദനന്‍ എന്ന കര്‍ഷകനാണ് നൂറുമേനി വിളയിച്ചത്. മല്ലപ്പുഴശേരി പഞ്ചായത്തിലെ മല്ലശേരി ചിറയിലാണ് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയുള്ള കൃഷി.

അഞ്ചേക്കര്‍ വിസ്തൃതിയുള്ള മല്ലശേരി ചിറ മാലിന്യനിക്ഷേപകേന്ദ്രമായിരുന്നു. മത്സ്യകൃഷിക്കുള്ള സാധ്യത കണ്ട മധുസൂദനന്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ച് ചിറ പാട്ടത്തിനെടുത്തു. ഇന്നിതില്‍ വിളവെടുപ്പിന് പാകമായ അറുപതിനായിരത്തിലധികം ഗിഫ്റ്റ് തിലോപ്പിയുണ്ട്. വരാല്‍, കാരി തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍ വേറെയും

ആവശ്യക്കാര്‍ക്ക് മീന്‍ അപ്പപ്പോള്‍ പിടിച്ചുനല്‍കും. കിലോയ്ക്ക് 250 രൂപയാണ് വില. ഈ മാസം 27ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. പാകമായ ഒരുമീനിന് ഒരുകിലോ വരെ തൂക്കമുണ്ട്.