സർക്കാരിൽ നിന്ന് റേഷൻ കിട്ടണം; വിതരണം മുടക്കി സമരത്തിലേക്ക്

പ്രളയബാധിത മേഖലകളില്‍ സൗജന്യ റേഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി അനിശ്ചിതത്വത്തില്‍. റേഷന്‍ കടകളില്‍ നിലവിലുള്ള സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്യാനാണ് വ്യാപാരികള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് സൗജന്യമായി റേഷന്‍ കിട്ടുന്നതുവരെ വിതരണം മുടക്കി സമരത്തിനിറങ്ങിയിരിക്കുകയാണ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍. 

മലപ്പുറം, വയനാട് ജില്ലകളില്‍ പൂര്‍ണമായും, മറ്റ് ജില്ലകളില്‍ പ്രളയം സാരമായി ബാധിച്ച താലുക്കുകളിലും സൗജന്യ റേഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ റേഷന്‍ വ്യാപാരികള്‍ ഇതിന് തയാറല്ല. നേരത്തെ പണമടച്ച് വാങ്ങിയ റേഷന്‍ ഉല്‍പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിലെ ബുദ്ധിമുട്ടാണ് കാരണം. 

സൗജന്യമായി റേഷന്‍ നല്‍കണമെന്നതിന്റെ അടിസ്ഥാനത്തില്‍ ഇ–പോസ് മെഷിനില്‍ ബില്ലടിക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം നിലച്ചു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ സമരത്തിലേക്ക് കടക്കുകയാണ്. ഓണക്കാലമായതിനാല്‍ റേഷന്‍ മുടങ്ങുന്നത് സംസ്ഥാനത്ത് വന്‍ പ്രതിസന്ധിയുണ്ടാക്കും.