വസ്തു ഇടപാടിനായി സ്ത്രീ വിളിച്ചപ്പോൾ ദുബായിലെത്തി; തുഷാറിന്റെ മടക്കയാത്ര നീളും

കഴിഞ്ഞ ഒരു മാസമായി വസ്തു ഇടപാടിനെന്ന പേരിൽ ഒരു വനിത ദുബായിൽ നിന്നു ഫോൺ വിളിച്ചതിനെ തുടര്‍ന്നാണ് താൻ ഇക്കഴിഞ്ഞ 20ന് ദുബായിലെത്തിയതെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പണം തട്ടിയെടുക്കാൻ വേണ്ടി തൃശൂർ സ്വദേശി നാസിൽ അബ്ദുല്ല ആസൂത്രിതമായി ഒരുക്കിയ കെണിയിൽ താൻ അങ്ങനെയാണ് വീണുപോയതെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് ദശലക്ഷം ദിർഹ(17 കോടിയിലേറെ രൂപ)മിന്റെ ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ അദ്ദേഹം ദുബായിലെ ഹോട്ടലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉമ്മുൽഖുവൈനിൽ എനിക്ക് കുറച്ച് സ്ഥലമുണ്ട്. അതൊരു അറബിക്ക് വാങ്ങാൻ താത്പര്യമുണ്ടെന്നും വിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ പറയണമെന്നും പറഞ്ഞായിരുന്നു വനിത വിളിച്ചിരുന്നത്. ഞാൻ ദുബായിൽ വരുമ്പോൾ അറിയിക്കാമെന്നും നല്ല വില കിട്ടുകയാണെങ്കിൽ വിൽക്കാന്‍ തയാറാണെന്നും ഞാൻ മറുപടി നൽകിയിരുന്നു. 20ന് എയർ ഇന്ത്യയിൽ കൊച്ചിയിൽ നിന്ന് ദുബായിലെത്തി. 24നുള്ള മടക്ക ടിക്കറ്റുമെടുത്തിരുന്നു. അങ്ങനെയാണ് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഒരു ഹോട്ടലിൽ ഞാനെത്തുന്നത്. അവിടെയുള്ള സമയത്ത് ഇൗ സ്ത്രീ വീണ്ടും വിളിക്കുകയും മറ്റൊരു ഹോട്ടലിൽ അവരുമായി സംസാരിച്ചുകൊണ്ടിരിക്കെ രണ്ട് സിഐഡിമാർ വന്നു പിടികൂടുകയുമായിരുന്നു. കുറ്റമെന്താണെന്ന് ചോദിച്ചപ്പോൾ അത് സ്റ്റേഷനിൽ ചെന്നുകഴിഞ്ഞാൽ പറയാമെന്നായി പൊലീസ്. അങ്ങനെ സ്റ്റേഷനിലെത്തി. പിന്നീട് മറ്റൊരു സ്റ്റേഷനിലേയ്ക്കും കൊണ്ടുപോയി.

ഇന്നലെ(ബുധൻ) വൈകിട്ട് വരെ അവിടെ നിന്നു. പിന്നീട് അജ്മാൻ ജയിലിലേയ്ക്ക് കൊണ്ടുപോയി. ഒൻപത് ദശലക്ഷത്തിന്റെ വണ്ടിച്ചെക്ക് കേസാണ് തന്റെ പേരിലുള്ളതെന്ന് അപ്പോഴാണ് മനസിലായത്. പിന്നീട് ഞാൻ ഫോൺ സ്വിച് ഒാൺ ചെയ്തപ്പോൾ അതിലേയ്ക്ക് എന്റെ ബോയിങ് കൺസ്ട്രക്ഷൻ കമ്പനയിലെ സബ് കോൺട്രാക്ടറായ നാസിൽ അബ്ദുല്ല വിളിച്ചു താനാണ് ഇതെല്ലാം ചെയ്തതെന്ന് അറിയിച്ചു. ഏതാണ്ട് 12 വർഷം മുൻപ് ഞാൻ അടച്ചുപൂട്ടിയ കമ്പനിയാണ് ബോയിങ് കൺസ്ട്രക്ഷൻ. 10 വർഷം മുൻപെങ്കിലും പഴക്കമുള്ള ചെക്കാണ് ചതിക്ക് ഉപയോഗിച്ചത്. ഒന്നുകിൽ അന്ന് എന്റെ കമ്പനിയിലെ ഏതെങ്കിലും ഒരു ജീവനക്കാരനെ സ്വാധീനിച്ച് കൈക്കലാക്കിയതോ, അല്ലെങ്കിൽ കോൺട്രാക്ടിങ് നൽകുന്ന സമയത്ത് കൺസൾട്ടിങ് കമ്പനിക്ക് സെക്യൂരിറ്റി ചെക്കായി നൽകിയതോ ആയിരിക്കും. ഇൗ മാസം ഒന്നിനായിരുന്നു ചെക്ക് ബാങ്കിലിട്ടത്. അന്ന് നാസിൽ അബ്ദുല്ലയ്ക്ക് ഒരു ഉപ കരാർ നൽകിയിരുന്നെങ്കിലും ആറര ലക്ഷത്തിനായിരുന്നു അത്. അന്ന് ആ പണമെല്ലാം കൃത്യമായി കൊടുക്കുകയും ചെയ്തിരുന്നു. കമ്പനിക്ക് 30 ലക്ഷത്തോളം ദിർഹം പലരിൽ നിന്നായി കിട്ടാനുമുണ്ടായിരുന്നു. കമ്പനി പ്രതിസന്ധിയിലായപ്പോൾ നാസിൽ അബ്ദുല്ലയുടേതടക്കം എല്ലാ ഉപ കരാറുകാരുടെയും പണം 60 ശതമാനത്തോളം നൽകുകയും കമ്പനി പൂട്ടുകയും ചെയ്തു. പിന്നീടും കുറച്ചു പണം കൂടി തനിക്ക് കിട്ടണം എന്ന് നാസിൽ അബ്ദുല്ല പറഞ്ഞപ്പോൾ അതും നൽകിയാണ് ഞാൻ യുഎഇ വിട്ടത്.

രാഷ്ട്രീയ പ്രേരിതമെന്ന് വിശ്വസിക്കുന്നില്ല

വണ്ടിച്ചെക്ക് കേസിന് പിന്നിൽ രാഷ്ട്രീയ കളികളുണ്ടെന്ന് വിശ്വസിക്കുന്നില്ല. പണം കിട്ടാൻ വേണ്ടിയുള്ള ഒരു കെണിയാണിതെന്നാണ് വിശ്വസിക്കുന്നത്. നാസിൽ അബ്ദുല്ലയ്ക്ക് യാതൊരു തുകയും നൽകാനില്ല. കമ്പനിക്ക് ലൈസൻസോ ബാങ്ക് അക്കൗണ്ടോ നിലവിലില്ല. എന്നെ വിളിച്ച സ്ത്രീ നാസിൽ അബ്ദുല്ലയുടെ ഏതെങ്കിലും ബന്ധുവോ മറ്റോ ആകാനാണ് സാധ്യത. അദ്ദേഹം തെറ്റ് മനസിലാക്കി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് നല്ല ബുദ്ധി തോന്നട്ടേ എന്ന് പ്രാർഥിക്കുന്നു. ഞാൻ കള്ളം കാണിക്കുന്നയാളല്ലെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. അങ്ങനെയൊരാവശ്യം എനിക്കില്ല.

തന്റെ പാസ്പോർട് കോടതിയിൽ ജാമ്യം വച്ചാണ് ജയിൽ മോചിതനായതെന്നും യാത്രാ വിലക്കുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.10 ലക്ഷം ദിർഹം കോടതിയിൽ കെട്ടിവയ്ക്കുകയും ചെയ്തു. മറ്റു നിയമനടപടകൾ തീർക്കാനുണ്ട്. അതിന് ശേഷം മാത്രമേ മടക്കയാത്രയുണ്ടാവുകയുള്ളൂ. ഏതായാലും ചൊവ്വാഴ്ചയോടെ നാട്ടിലേയ്ക്ക് മടങ്ങനാകുമെന്ന് കരുതുന്നു.

നിയമനടപടികളുമായി മുന്നോട്ടുപോകും

ഉടൻ തന്നെ അഭിഭാഷകരുമായി സംസാരിച്ച് തുടർ നിയമ നടപടികൾ സ്വീകരിക്കും. അതിലുപരി നാസിൽ അബ്ദുല്ലയുമായി ഇരുന്നു സംസാരിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് ആഗ്രഹം. ഒൻപത് ദശലക്ഷം ദിർഹം നൽകാനുള്ള എന്തു ബിസിനസ് പിന്നാമ്പുറമാണ് നാസിൽ അബ്ദുല്ലയ്ക്ക് ഉള്ളതെന്ന് മനസിലാകുന്നില്ല. എനിക്ക് അദ്ദേഹത്തോട് ശത്രുതയില്ല. ചെയ്ത തെറ്റ് എന്താണെന്ന് അയാൾ മനസിലാക്കുമെന്ന് കരുതുന്നു. പണം മോഷ്ടിക്കുന്നതിന് തുല്യമാണ് ഒരാളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത്. 12 വർഷം മുൻപ് എന്റെ കൂടെയുണ്ടായിരുന്നവരാരോ എടുത്തു നൽകിയ ചെക്കായിരിക്കാം ഇത്. അതല്ലെങ്കിൽ കൺസൾട്ടൻസിയുടെ കൈയിൽ നിന്ന് ലഭിച്ചതാകാം. മലയാളി മലയാളിയെ ദ്രോഹിക്കുന്നത് നല്ലതാണോ എന്ന് അദ്ദേഹം മനസിലാക്കണം.

യൂസഫലിക്ക് നന്ദി

മുഖ്യമന്ത്രി പിണറായി വിജയൻ ജയിൽ മോചിതനാകാൻ വളരെ സഹായിച്ചു. അദ്ദേഹം കേന്ദ്രമന്ത്രി അടിയന്തരമായി കത്തയച്ചു. കൂടാതെ, ഇവിടെയുള്ള സുഹൃത്തുക്കൾ പലരും സഹായിച്ചു. സംസ്ഥാന–കേന്ദ്ര ഗവൺമെന്റുകളും കക്ഷിരാഷ്ട്രീയമില്ലാതെ സഹായിച്ചു. ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇതിലാരും കണ്ടിട്ടില്ല. എം.എ.യൂസഫലിയാണ് മുന്നിൽ നിന്ന് സഹായിച്ചത്. ജാമ്യത്തുക പലരായി നൽകി സഹായിച്ചതിനും നന്ദി.