തുഷാര്‍‍ ഏലത്തോട്ടം വാങ്ങിയത് അപഹരിച്ച പണംകൊണ്ട്; ആരോപണവുമായി വിമത പക്ഷം

തുഷാര്‍‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണവുമായി എസ്.എന്‍.ഡി.പിയിലെ വിമതപക്ഷം. ചേര്‍ത്തല യൂണിയനില്‍നിന്ന് അപഹരിച്ച പതിമൂന്ന് കോടിരൂപയ്ക്ക് കുമളിയില്‍ ഏലത്തോട്ടം വാങ്ങിയെന്നാണ് ആരോപണം. തുഷാറിന്റെ മകന്റെയും അമ്മയുടെയും പേരില്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും വിമതപക്ഷം പുറത്തുവിട്ടു. ആരോപണങ്ങളില്‍ തുഷാര്‍ പ്രതികരിച്ചിട്ടില്ല.

കെ.കെ മഹേശന്‍ തട്ടിച്ചുവെന്ന് ആരോപിക്കുന്ന ചേര്‍ത്തല യൂണിയനിലെ പതിമൂന്നുകോടിയിലധികം രൂപ തുഷാറാണ് കൊണ്ടുപോയതെന്നാണ് ആരോപണം. കുമളി ചക്കുപള്ളത്ത് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതിയുടെ പേരിലും തുഷാറിന്റെ മകന്‍ ദേവ് തുഷാറിന്റെ പേരിലുമായി നാല്‍പത് ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ രേഖകള്‍ എരുമേലി എസ്.എന്‍.ഡി.പി യൂണിയന്റെ മുന്‍സെക്രട്ടറി ശ്രീപാദം ശ്രീകുമാറാണ് പുറത്തുവിട്ടത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില് സര്‍ക്കാരിനെ വെട്ടിച്ചാണ് ആധാരം ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു

കഴിഞ്ഞ ഡിസംബറിലാണ് ഭൂമി വാങ്ങിയത്. തുഷാറിന്റെയും കുംടുംബാംഗങ്ങളുടെയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ഇവര്‍  ആവശ്യയപ്പെട്ടു. അതിനിടെ എസ്എൻ ട്രസ്റ്റിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി  ശ്രീനാരായണ സഹോദര ധർമ്മവേദിയും എതിര്‍പ്പ് ശക്തമാക്കി. മഹേശന്റെ കുടുംബാംഗങ്ങളും ശ്രീനാരായണ സഹോദര ധര്‍മ്മവേദിയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.