സനാതനധർമ്മം പ്രചരിപ്പിക്കാനല്ല എസ്എൻഡിപി; വി.മുരളീധരനെ തിരുത്തി മുഖ്യമന്ത്രി

എസ്എൻഡിപി യോഗം സനാതന ധർമ്മത്തിനെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശത്തിന്  മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുത്ത്. ശ്രീനാരായണ ധർമ പ്രചാരണത്തിനാണ് എസ്എൻഡിപിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്തൽ. വെള്ളാപ്പള്ളി നടേശന്റെ എസ്എൻഡിപി യോഗ നേതൃത്വ രജതജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ആഘോഷ പരിപാടികളുടെയും സാമൂഹ്യക്ഷേമ പരിപാടികളുടെയും ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.  

ശ്രീനാരായണ ധർമ പരിപാലന യോഗം സനാതനധർമ പരിപാലനത്തിന് വേണ്ടിയുളളതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും നേതൃപദവികളിൽ, വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ തിരുത്തൽ. നേട്ടം കൈവരിച്ച വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പ്രശംസിച്ചു. രജത ജൂബിലിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന സാമൂഹ്യക്ഷേമ പരിപാടികൾ ആണ് നടത്തുന്നത്. ഇതിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. മന്ത്രി പി പ്രസാദ്,  കോടിയേരി ബാലകൃഷ്ണൻ,  കെ.സുരേന്ദ്രൻ എന്നിവരും പ്രസംഗിച്ചു.