തുഷാറിനെതിരെ പരാതി നൽകിയ നാസിലിന്റെ മോചനം; മുഖ്യമന്ത്രി ഇടപെടണമെന്ന് സഹപാഠികൾ

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് തട്ടിപ്പ് കേസില്‍ പരാതി നല്‍കിയ നാസില്‍ അബ്ദുള്ളയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സഹപാഠികള്‍. തുഷാറിനെതിരായ കേസ് ഒത്തുതീര്‍ക്കാന്‍ പല തരത്തിലുള്ള സമ്മര്‍ദ്ധമുണ്ട്. നാസില്‍ പഠിച്ച ബംഗലൂരു ഭട്കല്‍ എന്‍ജിനീയറിങ് കോളജിലെ അലുമിനി അസോസിയേഷനാണ് പിന്തുണയുമായെത്തിയത്. 

തുഷാറിന്റെ ജയില്‍മോചനത്തിനായി ഇടപെട്ട മുഖ്യമന്ത്രി നാസിലിന്റെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്നാണ് കരുതുന്നത്. സഹപാഠികളുടെ കൂട്ടായ്മ അടുത്തദിവസം മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നല്‍കും. നാസിലും ഇടതുപക്ഷ അനുഭാവിയാണ്. മികച്ച അക്കാദമിക് നിലവാരത്തോടെ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ നാസില്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. തുഷാറിനെതിരെ നല്‍കിയ ചെക്ക് കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിനും സമ്മര്‍ദ്ധമുണ്ട്. എന്നാല്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍‍കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് നാസിലിനുള്ളത്. 

നാസില്‍ പഠിച്ച ഭട്കല്‍ എന്‍ജിനീയറിങ് കോളജിലെ അലുമിനി അസോസിയേഷന്റെ പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സഹപാഠികള്‍ അറിയിച്ചു.