തീരാ നൊമ്പരം; സ്വന്തം വീട് കത്തിയമരുന്നത് നോക്കി നിന്ന നിസ്സഹായത

അഗ്നി ബാക്കിവച്ചത്: മുണ്ടൂർ കൂട്ടുപാതയിൽ തീപിടിച്ചു നശിച്ച വീട്

ജീവിതത്തിലെ ഓരോ കാലഘട്ടത്തിനും സാക്ഷ്യവും കൂട്ടുമായിരുന്ന വീട് തീ കവർന്നപ്പോൾ കൂട്ടുപാത പുന്ന ലക്ഷ്മി നിവാസിൽ മീനാക്ഷിക്കുട്ടി അമ്മയും കുടുംബാംഗങ്ങളും തീച്ചൂടിലും മരവിച്ചുപോയി. എല്ലാം നിമിഷ നേരം കൊണ്ടു ചാമ്പാലയപ്പോൾ നിസാഹയതോടെ നോക്കി നിൽക്കാനേ ആയിള്ളു. 

നാടാകെ കുമ്മാട്ടി ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോഴാണ് ഇടിത്തീപോലെ തീപിടിത്തത്തിന്റെ വാർത്ത പരന്നത്. പൂമുഖത്തിരുന്നു ടിവി കാണുകയായിരുന്നു മീനാക്ഷിക്കുട്ടി അമ്മയും മകളും പേരക്കുട്ടിയും. വെള്ളം കുടിക്കാനായി കുട്ടി അടുക്കളയിൽ പോയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. നിലവിളി കേട്ട് സമീപത്തെ ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും വീടിന്റെ മുകൾ നിലയിൽ തീ ആളിപ്പടർന്നിരുന്നു.

ഷീറ്റു മേഞ്ഞ വീടിന്റെ മുറികൾ മരത്തിന്റെ തട്ടു നിരത്തിയതാണ്. പറളി പാതയോടു ചേർന്നാണ് വീട്. നേരത്തെ ഇതുവഴി പോയവർ പുക കണ്ടിരുന്നു. ഇത് വീട്ടിൽനിന്നാകുമെന്ന് ആരും കരുതിയില്ല. ഇരുനില വീടന്റെ മുകളിലെ മരഭാഗങ്ങൾ കത്തിയമർന്നതിനു പിന്നാലെ ചുമരുകൾ നിലംപൊത്തി. വീട്ടുപകരണങ്ങൾ ഇതിനടിയിലായി. അലമാരയിലെ രേഖകൾ ഉൾപ്പെടെ ചാരമായി. കുറച്ചു പാത്രങ്ങൾ മാത്രമാണ് അവശേഷിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.  വൈദ്യുതി സോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു നിഗമനം. വീട്ടുകാർ വാടക വീട്ടിലേക്കു താമസം മാറ്റി.