മൃതദേഹം കുളിപ്പിക്കാൻ പോലും വെള്ളമില്ല; പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ തടഞ്ഞുവച്ചു

തൃക്കുന്നപ്പുഴ: രൂക്ഷമായ ശദ്ധജലക്ഷാമം അനുഭവപ്പെടുന്ന വലിയപറമ്പ് മിഥിലാപുരിയിലെയും സമീപഭാഗങ്ങളിലെയും നിവാസികൾ മൃതദേഹം കുളിപ്പിക്കാൻ പോലും ദൂരെ നിന്നു ജലം തലച്ചുമടായി എത്തിക്കേണ്ട ഗതികേടിൽ. ഇത്തരം ദുരനുഭവം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നു നടപടി ഉണ്ടാകാതെ വന്നതിന്റെ രോഷത്തിൽ നാട്ടുകാർ  ഇന്നലെ തൃക്കുന്നപ്പുഴ പഞ്ചായത്ത് സെക്രട്ടറിയെ മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു.

തൃക്കുന്നപ്പുഴ വലിയപറമ്പ് മിഥിലാപുരി നടുപ്പന്തി കിഴക്കതിൽ രാഘവന്റെ ഭാര്യ ചെല്ലമ്മ (95) കഴിഞ്ഞ മാസം 10നു നിര്യാതയായി. മൃതദേഹം കുളിപ്പിക്കാൻ വെള്ളമില്ലാത്തതിനാൽ അരകിലോമീറ്ററോളം അകലെ നിന്നു ബന്ധുക്കളും നാട്ടുകാരും തലച്ചുമടായും ട്രോളിയിലും ജലം എത്തിക്കുകയായിരുന്നു.

ഇന്നലെ പഞ്ചായത്ത് ഓഫിസിൽ നടത്തിയ സമരത്തിന്  96കാരനായ രാഘവനും എത്തിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷം അസ്വസ്ഥത തോന്നിയതിനാൽ അദ്ദേഹത്തെ ചികിത്സയ്ക്കു കൊണ്ടുപോയി. രാഘവന്റെ  വീടിനു മുന്നിലെ 2 ടാപ്പുകളിലും ജലം എത്താതായിട്ട് 3 മാസത്തിലേറെയായി. വീടിനു സമീപത്തെ പൊതുടാപ്പിലെ സ്ഥിതിയും സമാനമാണ്. മിഥിലാപുരി ജംക്​ഷനിലും അവിടെ നിന്നു കിഴക്കോട്ടും വടക്കോട്ടുമുള്ള പ്രദേശങ്ങളിൽ നൂറോളം കുടുംബങ്ങളാണു ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

അരക്കിലോമീറ്ററോളം അകലെ കാർത്തികപ്പള്ളി പഞ്ചായത്തിലെ കുത്തിയതോട് പാലത്തിനു വടക്കുള്ള പൊതുടാപ്പിൽ നിന്നാണു നാട്ടുകാർ രാത്രി ജലം ചുമന്ന് എത്തിക്കുന്നത്.  തോടുകളിലെ ജലം   വസ്ത്രങ്ങൾ കഴുകാൻ പോലും ഉപയോഗിക്കാൻ കഴിയാത്തത്ര മലിനമാണ്.  മറ്റു മാർഗമില്ലാത്തതിനാൽ ഈ മലിന ജലം വസ്ത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കാൻ നാട്ടുകാർ നിർബന്ധിതരാവുന്നു. 

മലിനജലത്തിന്റെ ഉപയോഗം മൂലം വയറിളക്കവും ഛർദ്ദിയും വ്യാപകമാകുന്നെന്നു നാട്ടുകാർ പറഞ്ഞു.  ഇന്നലെ മുതൽ മിഥിലാപുരി ഭാഗത്ത് വാഹനത്തിൽ ശുദ്ധജലം എത്തിച്ചു തുടങ്ങി. എന്നാൽ കലങ്ങിയ വെള്ളമാണു ലഭിച്ചതെന്നു നാട്ടുകാർ പറയുന്നു.  ജല അതോറിറ്റി ജീവനക്കാരെത്തി നാളെ ലൈൻ പരിശോധിച്ചു തകരാർ മാറ്റുമെന്നാണ് സമരം നടത്തിയവർക്കു പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി നൽകിയ ഉറപ്പ്.