നെയ്യാറ്റിന്‍കരയില്‍ കുടിവെള്ള പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നതില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിവെള്ള പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നതില്‍ ജലസേചന മന്ത്രി റിപ്പോര്‍ട്ട് തേടി. എന്നാല്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് നെയ്യാറ്റിന്‍കരയ്ക്ക് സമീപം തൊഴുക്കലില്‍ കുടിവെള്ള പൈപ്പ് പൊട്ടിയത്. അരുവിക്കര ഡാമില്‍ നിന്ന് കാളിപ്പാറ കുടിവെള്ള പദ്ധതിയിലേക്കുള്ള പൈപ്പ് പൊട്ടി കിലോമീറ്ററുകളോളം വെള്ളം നിരന്നൊഴുകി പാഴായി. തിങ്കളാഴ്ച അറ്റകുറ്റപ്പണി തുടങ്ങിയെങ്കിലും ഇനിയും പണി പൂര്‍ത്തിയായില്ല. അതിനാല്‍ വ്യാഴാഴ്ച മാത്രമേ ജലവിതരണം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനാവൂവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇത് നെയ്യാറ്റികരയടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ദോഷകരമായി ബാധിക്കും.

അതേസമയം പൈപ്പ് പൊട്ടിയതിന്റെ കാരണമടക്കം റിപ്പോര്‍ട്ട് നല്‍കാന്‍ ജലസേചനമന്ത്രി കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. ആറ് മാസത്തിനിടെ 12 തവണയാണ് പൈപ്പ് പൊട്ടിയത്. ഇതിന്റെ കാരണം വിശദമാക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.