കാസർകോടിന് ജലമേകാൻ രാജസ്ഥാൻ കുഴൽക്കിണർ

വരള്‍ച്ച പിടിമുറുക്കിയ കാസര്‍കോടിന് ജലസമൃദ്ധിയേകാൻ ഇനി രാജസ്ഥാൻ മാതൃകയിലുള്ള കുഴല്‍ക്കിണറുകള്‍.  ഭൂമിക്ക് സമാന്തരമായി തുരന്ന് ജലമെത്തിക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള കുഴൽക്കിണറുകളുടെ നിർമാണം.

ജില്ലയില്‍ വരള്‍ച്ച രൂക്ഷമാണ്. മിക്ക പുഴകളും, കിണറുകളും വറ്റിവരണ്ടു. സൂര്യാതപത്തില്‍ അവസാന ജലകണികയും വറ്റിയ തുളുനാടിന്റെ കുടിനീരിനായുള്ള അനേഷണമാണ് രാജസ്ഥാന്‍ കുഴല്‍ക്കിണര്‍ മാതൃകയില്‍ അവസാനിക്കുന്നത്.

യന്ത്രങ്ങളുടെ സഹായത്തോടെ ഭൂമിക്ക് സമാന്തരമായി തുരന്ന് ഉറവ കണ്ടെത്തുന്നതാണ് രീതി. രാജസ്ഥാൻ സ്വദേശി ഗോവിന്ദ് ഭായി ആണ് അഡ്ഡ ബോർവെല്‍ എന്ന ഈ ആശയത്തിന് പിന്നിൽ. ജലലഭ്യതയ്ക്ക് സാധ്യതയുള്ളിടത്ത് കുഴിയെടുത്താണ് നിർമ്മാണം. വെള്ളം വറ്റിയ കിണറുകൾക്ക് അകത്താണെങ്കിൽ ഏറ്റവും നല്ലത്. 

ഭൂമിക്ക് സമാന്തരമായി തുരക്കുന്നതിനാൽ ഭൂഗർഭ ജല ചൂഷണം തടയാമെന്നതാണ് പ്രത്യേകത. ചെലവും കുറവ്. മലഞ്ചെരിവുകളേറെയുള്ള കേരളത്തിൽ ഈ രീതി വിജയിക്കുമെന്നാണ് പ്രതീക്ഷ. ദാഹനീരിനായി പുതുവഴികള്‍ തേടുന്നതിനൊപ്പം ഇനിയുള്ള ഓരോ തുള്ളി വെള്ളവും നാളേയ്ക്കായി കരുതി വയ്ക്കാനുള്ള നടപടികളും ഉണ്ടാകണം. അല്ലെങ്കില്‍ കൊടിയവരള്‍ച്ചയായിരിക്കും ഫലം