കോൺഗ്രസ് പട്ടികയിൽ 10 പുതുമുഖങ്ങൾ?; സിറ്റിങ് എംപിമാരും മൽസരിച്ചേക്കും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിർദേശം. 25 ന് ദേശീയതലത്തിൽ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാൻഡ് ഉദ്ദേശ്യം. 

സംസ്ഥാന തിരഞ്ഞെടുപ്പു സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17 ന് ഈ സമിതി ചേർന്നേക്കും. മറിച്ചെങ്കിൽ കേരളത്തിനു പട്ടിക കൈമാറാൻ സാവകാശം നൽകണം. മറ്റു ചില സംസ്ഥാനങ്ങളിൽ സ്ഥാനാർഥി നിർണയം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനു സാധ്യത കുറവാണ്.

സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കുമെന്നാണു കരുതുന്നത്. എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്ന് വയനാട്ടിലും, മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ വടകരയിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തേണ്ടിവരും. 2014 ൽ ഘടകകക്ഷികളെല്ലാം ജയിച്ചപ്പോൾ തോറ്റ എട്ടു സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. ആ സീറ്റുകളും രണ്ടു സിറ്റിങ് സീറ്റും കൂടി കണക്കാക്കി പത്തു പുതിയ സ്ഥാനാർഥികളെ അങ്ങനെയെങ്കിൽ കോൺഗ്രസിനു നിശ്ചയിക്കേണ്ടതുണ്ട്. 

ഇടുക്കിയിലോ കോട്ടയത്തോ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന ചർച്ചയുണ്ടെങ്കിലും നിലവിൽ അതിന്റെ ആവശ്യമില്ലല്ലോ എന്ന മനോഭാവത്തിലാണ് അദ്ദേഹം. ഹൈക്കമാൻഡും ഉമ്മൻചാണ്ടിയും തമ്മിൽ ഇക്കാര്യത്തിൽ നടത്തുന്ന ആശയവിനിമയമാകും നിർണായകം. എ.കെ.ആന്റണിയുടെ നിർദേശവും ഉറ്റുനോക്കപ്പെടുന്നു. വടകരയിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം അനിവാര്യമാണെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അതു ചൂണ്ടിക്കാട്ടിയവരോട്, ഇളക്കമില്ലാത്ത തീരുമാനമാണു തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തിയാക്കുകയെന്ന ബഹുമതി ഒരു വർഷം മാത്രം അകലെ ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം പുതുപ്പള്ളിയിൽ നിന്നു നിയമസഭയിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകൊണ്ട് പാർലമെന്ററി ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കാമല്ലോയെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.

ഇനി മത്സരത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ വി.എം. സുധീരനെ ഇറക്കണമെന്ന സമ്മർദവും ശക്തമാണ്. കെപിസിസിയുടെ മറ്റൊരു മുൻ പ്രസിഡന്റ് എം.എം. ഹസൻ വയനാടിനായും പിടിമുറുക്കുന്നു. 

ഇതിനിടെ യുവപ്രാതിനിധ്യം വാദിച്ചു യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനാണ് (ഇടുക്കി, തൃശൂർ) മുൻതൂക്കം. സംസ്ഥാന ഭാരവാഹികളായ ആദം മുൽസി(വയനാട്), സുനിൽ ലാലൂർ( ആലത്തൂർ) എന്നിവരും സാധ്യതയിലുണ്ട്. മുൻ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടനെ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ പരിഗണിച്ചേക്കാം. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് വടകരയിൽ സാധ്യതാ പട്ടികയിലുണ്ട്. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണ് വനിതാ പട്ടികയിൽ മുൻതൂക്കം