ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; അവതരണം 31ന്; പൂര്‍ണ്ണബജറ്റ് ഉടന്‍ പാസാക്കാനാവില്ല

ഗവര്‍ണ്ണരുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിടയുള്ളതിനാല്‍ പൂര്‍ണ്ണബജ്റ്റ് ഉടന്‍ പാസാക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സമ്മേളനത്തില്‍ ശബരിമലയും രാഷ്ട്രീയ പ്രസ്താവനകളുമാകും സഭാതലത്തില്‍ നിറഞ്ഞു നില്‍ക്കുക.    

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിനിടയിലാണ് ഒന്‍പത് ദിവസം നീളുന്ന സഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. ബജ്റ്റ് സമ്മേളനത്തിലാകെ നിറഞ്ഞു നില്‍ക്കുക ഈ രാഷ്ട്രീയം തന്നെയാകും. 31 നാണ് ബജറ്റ് അവതരണം. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുമെന്നതിനാല്‍ മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ണ്ണ ബജറ്റ് പാസാക്കാനാവില്ല. വോട്ട് ഒാണ്‍ അകൗണ്ട് സഭ പാസാക്കും.

നവകേരള നിര്‍മ്മാണത്തിന് ഊന്നനല്‍കിക്കൊണ്ടാവും ഡോ.തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുക. സര്‍ക്കാര്‍നവകേരള നിര്‍മ്മിതിയിലും വികസനത്തിലുമൂന്നി മുന്നോട്ട് പോകാന്‍ ശ്രമിക്കും. പക്ഷെ പ്രതിപക്ഷം ശക്തമായ വിമര്‍ശനത്തിനും രാഷ്ട്രീയ പ്രസ്താവനകള്‍ക്കുമാകും  സഭാസമ്മേളനത്തെ ഉപയോഗിക്കുക, ശബരിമല, നവോഥാനമതില്‍ , യുവതീപ്രവേശത്തെ സംബന്ധിച്ച തെറ്റായകണക്കുകള്‍ എന്നിവ ഉയര്‍ത്തിയായാവും പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുക. പ്രളയാനന്തര പുനര്‍നിര്‍മ്മാണം വൈകുന്നതും ആയുധമാകും. നിയമസഭക്കുള്ളില്‍ യുഡിഎഫും എല്‍ഡിഎഫും  നേര്‍ക്കുനേര്‍ പോരടിച്ചാലും തിരഞ്ഞെടുപ്പില്‍ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി ഇരുമുന്നണികളും നേരിടുന്നതെങ്ങനെയാവും എന്നതിന്റെ ചിത്രംകൂടി സഭാവേദിയില്‍തെളിയും.