മസാല ബോണ്ട്; തുടര്‍സമന്‍സുകള്‍ അയയ്ക്കുന്നത് തടഞ്ഞു; ഇ.ഡി.ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തുടര്‍സമന്‍സുകള്‍ അയയ്ക്കുന്നത് തടഞ്ഞ ഉത്തരവില്‍ എന്‍ഫോഴ്സ്മെന്‍റ് ‍ഡയറക്ടറേറ്റിന്   ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മറ്റ് സ്ഥാപനങ്ങൾ മസാല ബോണ്ടുകൾ ഇറക്കിയത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇഡി ഉത്തരം നൽകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ വിമര്‍ശനം.

മുൻ മന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി തുടർ സമൻസുകൾ അയയ്ക്കുന്നത് 2 മാസത്തേക്ക് തടഞ്ഞ ഉത്തരവിലാണ് ഇഡിക്ക് ഹൈക്കോടതിയുടെ വിമർശനം. നാഷനൽ ഹൈവേയ്സ് അതോറിറ്റി, നാഷനൽ തെർമൽ പവർ കോർപറേഷൻ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസി എന്നിവർ മസാല ബോണ്ടുകൾ ഇറക്കിയിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും തോമസ് ഐസക്കും, കിഫ്ബിയും അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനങ്ങൾ മസാല ബോണ്ടുകൾ ഇറക്കിയത് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു.  ഇതേക്കുറിച്ച് അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിർദേശം നൽകിയിരുന്നെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ മാസം 23ന് നൽകിയ എതിർ സത്യവാങ്മൂലത്തിൽ ഇതു സംബന്ധിച്ച് പരാമർശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിർദേശം അവഗണിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു ജസ്റ്റിസ് വി.ജി.അരുണിന്‍റെ പ്രതികരണം.

മസാല ബോണ്ട് ഇറക്കിയതിൽ ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനെന്ന പേരിൽ ഒന്നരവർഷമായി ഉദ്യോഗസ്ഥരെ ഇഡി ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതിപ്പെട്ടായിരുന്നു കിഫ്ബിയുടെ ഹര്‍ജി. ഇഡി സമൻസ് റദ്ദാക്കണമെന്നായിരുന്നു തോമസ് ഐസക്കിന്‍റെ ആവശ്യം. സിഎജി റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ നിയമസഭ തള്ളിയതിനാൽ റിപ്പോര്‍ട്ട് അന്വേഷണത്തിന് അടിസ്ഥാനമാക്കാനാവില്ലെന്ന ഹർജിക്കാരുടെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും കോടതി പറഞ്ഞു. തോമസ് ഐസക്കിനെ കൂടാതെ, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്ക് ഇഡി തുടർ സമൻസുകൾ അയയ്ക്കുന്നതാണ് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി തടഞ്ഞത്.