മസാല ബോണ്ട് ഇടപാട്; ഐസക്കിന്‍റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇ.ഡി

മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനങ്ങളിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ആവർത്തിച്ച് ഇ.ഡി ഹൈക്കോടതിയിൽ. അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തിയാണ് ഐസക്. കിഫ്ബി ഹാജരാക്കിയ എക്സിക്യൂട്ടീവ് കമ്മിറ്റി, ജനറൽ ബോഡി മിനിറ്റ്സുകളിൽ ഇക്കാര്യം വ്യക്തമാണ്. ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ ഐസകിന്റെ മൊഴിയെടുക്കൽ അനിവാര്യമാണ്. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം എടുത്ത വ്യക്തികളുടെ മൊഴിയും പ്രധാനമെന്നും ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചു. ഇ.ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക് മാധ്യമങ്ങൾക്ക് മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുകയാണ്. അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഹർജി നിലനിൽക്കെ എന്തിനാണ് ഐസകിന് വീണ്ടും സമൻസ് അയച്ചത് എന്നതിനാണ് ഇ.ഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. മെയ് 22ന് ഹർജികൾക്കൊപ്പം സത്യവാങ്മൂലം കോടതി പരിഗണിക്കും.