കാരക്കോണം മെഡി. കോളജില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍: ഇഡി

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്ലെന്ന് വ്യക്തമാക്കി ഇഡിയുടെ കുറ്റപത്രം. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയത് സിഎസ്ഐ മുന്‍ ബിഷപ് ധർമ്മരാജ് റസാലത്തിന്റെ നേതൃത്വത്തിലാണെന്നാണ് ഇ‍ഡിയുടെ കണ്ടെത്തല്‍. കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയാണെന്നും 1500ലേറെ പേജുകളിലുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സൗത്ത് കേരള മെഡിക്കല്‍ മിഷനാണ് കേസിലെ ഒന്നാംപ്രതി. മുന്‍ ബിഷപ് ധര്‍മരാജ് റസാലം രണ്ടും, ബെനറ്റ് എബ്രഹാമിനെ മൂന്നാംപ്രതിയാക്കിയാണ് കുറ്റപത്രം. മുന്‍ സഭ സെക്രട്ടറി ടി.ടി. പ്രവീണ്‍, മുന്‍ ഫിനാ‍ന്‍സ് കംപ്ട്രോളര്‍ പി. തങ്കരാജ്, ക്ലര്‍ക്ക് പി.എല്‍ ഷിജി എന്നിവരാണ് മറ്റ് പ്രതികള്‍. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 28പേരില്‍ നിന്നായി ഏഴ് കോടി 22 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അഡ്വാന്‍സ് ഫീസ്, സംഭാവന, പലിശരഹിത വായ്പ എന്നീ പേരിലാണ് പണം വാങ്ങിയത്.  മുന്‍ ബിഷപ് ധര്‍മരാജ് റസാലും കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിന്‍റെയും നേതൃത്വത്തിലായിരുന്നു പണപ്പിരിവെന്ന് ഇഡി കണ്ടെത്തി. പണം നല്‍കിയ പലര്‍ക്കും സീറ്റ് ലഭിച്ചില്ല പരാതി ഉയര്‍ന്നതോടെ അടുത്തവണ സീറ്റ് ഉറപ്പെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് തുടര്‍ന്നു. 

പിരിച്ചെടുത്ത പണത്തിലെ ഏറിയ പങ്കും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനടക്കം ചെലവഴിച്ചു. കോഴപ്പണത്തിലെ മൂന്ന് കോടിയിലേറെ രൂപ സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയ്ക്ക് കൈമാറിയതായും ഇഡി കണ്ടെത്തി. കരാര്‍ ജോലികള്‍ക്കും മറ്റുമാണ് ഈ പണം ചെലവഴിച്ചത്. ഏഴ് കോടിയിലില്‍ 95 ലക്ഷത്തോളം രൂപ മാതാപിതാകള്‍ക്ക് ഇനിയും തിരിച്ച് നല്‍കിയിട്ടില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ തുടര്‍ച്ചയായി പ്രതികളുടെ 95 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. പരാതികള്‍ ഉയര്‍ന്നതോടെ ആറ് കോടിയിലേറെ രൂപ മാതാപിതാക്കള്‍ക്ക് മടക്കി നല്‍കിയത് കുറ്റകൃത്യം മറയ്ക്കാനായിരുന്നുവെന്നുമാണ് ഇഡിയുടെ വാദം.

കേസില്‍ 27 പേരുടെ മൊഴികള്‍ ഇഡി േരഖപ്പെടുത്തി. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ധര്‍മരാജ് റസാലം ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വെള്ളറട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ച് ഇഡി കേസിന്‍റെ അന്വേഷണം ഏറ്റെടുത്തത്. കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ 500 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പരാതി. അനധികൃത സ്വത്ത് സമ്പാദനം വിദേശത്തേക്ക് പണം കടത്തിയെന്ന പരാതികളില്‍ അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി. കലൂരിലെ പിഎംഎല്‍എ കോടതിയില് ഇന്നലെയാണ് 1508 പേജുകളടങ്ങിയ കുറ്റപത്രം സമര്‍പ്പിച്ചത്. 

Crores of money laundered in Karakkonam Medical College says ED