സ്വപ്നയോടു ഒറ്റക്ക് വരണമെന്ന് പറയാനുള്ള മൗഢ്യം തനിക്കില്ല: ശ്രീരാമകൃഷ്ണന്‍

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി തനിക്കില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒറ്റയ്ക്ക് ഔദ്യോഗികവസതിയില്‍ വരണം എന്നുപറയാനുള്ള മൗഢ്യം തനിക്കില്ലെന്നും അനാവശ്യസന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നുമാണ് ശ്രീരാമകൃഷ്ണന്‍റെ പ്രതികരണം. നിയമവശങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും.

സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച് അഞ്ചാം ദിവസമാണ് ഫെയ്സ്ബുക്കിലൂടെ പി.ശ്രീരാമകൃഷ്ണന്‍റെ മറുപടി. ചിത്രവധം മൂന്നാം ഘട്ടം എന്ന തലക്കെട്ടിലുള്ള പ്രതികരണം വൈകാരികമാണ്. അസംബന്ധവും അസത്യപ്രചരണവും എല്ലാ പരിധിയും കടന്നെന്നു പറ‍ഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. സ്വപ്നയുടെ പ്രതികരണം തിരക്കഥയാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. 

സ്വപ്ന ഗൂഢാലോചനയിലെ കരുവാണ്. ആരോപണങ്ങള്‍ സത്യത്തിന്‍റെ കണികപോലുമില്ലാത്ത അസത്യങ്ങളും അസംബന്ധങ്ങളുമാണ്. രാഷ്ട്രീയവൈരാഗ്യത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന അസത്യത്തിന്‍റെ ഗുണഭോക്താക്കള്‍ ആരെന്ന് പൊതുസമൂഹം തിരിച്ചറിയണം. സ്വപ്ന സുരേഷ് ഔദ്യോഗിക വസതിയില്‍ വന്നിട്ടുണ്ട് എന്ന കാര്യം ശ്രീരാമകൃഷ്ണന്‍ നിഷേധിക്കുന്നില്ല. വന്നതൊക്കെ ഭര്‍ത്താവും മകനും ഒരുമിച്ചാണ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒറ്റക്ക് വരണമെന്ന് പറയാനുള്ള മൗഢ്യം തനിക്കില്ല. കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാനസദസ് നടത്തി തരംതാഴാന്‍ തക്കവിധം സംസ്കാരശൂന്യനല്ല താന്‍. 

യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിട്ടില്ലെന്നും അറ്റാഷെയുമായി സൗഹൃദമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു. സ്വപ്നയുടെ ആരോപണങ്ങള്‍ നിയമനടപടി സ്വീകരിക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കുമെന്ന് പറഞ്ഞാണ് പ്രതികരണം അവസാനിപ്പിക്കുന്നത്. 

P Sree Ramakrishnan repley to Swapna suresh