സ്വപ്ന പ്രതിയായ സ്വര്‍ണക്കടത്തില്‍ ഒരു പ്രതികൂടി അറസ്റ്റില്‍

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ സ്വര്‍ണക്കടത്തു കേസില്‍ ഒളിവിലായിരുന്ന പ്രതി എന്‍ഐഎയുടെ പിടിയില്‍. സ്വര്‍ണകടത്ത് സംഘത്തിലെ പ്രധാനി കണ്ണൂര്‍ സ്വദേശി രതീഷാണ് മുൈബയില്‍ അറസ്റ്റിലായത്. ആകെയുള്ള 20 പ്രതികളില്‍ ഒളിവിലുള്ള അ‍ഞ്ച് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ചാനല്‍ വഴി കടത്തിയ 30കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം വലിയവിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കസ്റ്റംസിന് പുറമെ എന്‍ഐഎയും സ്വര്‍ണക്കടത്ത് അന്വേഷണം ഏറ്റെടുത്തു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനി കെ.ടി. രമീസ് ഉള്‍പ്പെടെ 22 പേരെ എന്‍ഐഎ പ്രതിയാക്കി 2021ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് സംഘത്തിലെ ആറ് പേര്‍ ഒളിവിലായിരുന്നു. 

2019–2020 കാലഘട്ടത്തില്‍ കിലോകണക്കിന് സ്വര്‍ണം നയതന്ത്ര ചാനല്‍വഴി കടത്തിയതായി എന്‍ഐഎ കണ്ടെത്തി. കേസിലെ പ്രതികളിലൊരാളായ ഹംസത്ത് അബ്ദുല്‍സലാമിന്‍റെ കൂട്ടാളിയാണ് പിടിയിലായ രതീഷ്. തിരുവനന്തപുരത്ത് എത്തിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം കൊയമ്പത്തൂര്‍ സ്വദേശി നന്ദകുമാറിന് എത്തിച്ച് നല്‍കിയിരുന്നത് രതീഷാണ്. സ്വര്‍ണം പിടികൂടിയതിന് പിന്നാലെ രതീഷ് ദുബായിലേക്ക് കടന്നു. രാവിലെ മുംൈബ വിമാനതാവളത്തില്‍ വന്നിറങ്ങിയതിന് പിന്നാലെ രതീഷിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന കേസിലെ മറ്റ് അഞ്ച് പ്രതികള്‍ വിദേശത്താണെന്നാണ് സൂചന.