മസാല ബോണ്ട്; തോമസ് ഐസകിനെതിരെ ഇ.ഡി.യുടെ സത്യവാങ്മൂലം

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരെ ഹൈക്കോടതിയിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. മസാല ബോണ്ടിലെ അന്വേഷണത്തിനെതിരായ ഐസകിന്റെ ഹർജി അപക്വമെന്ന് ഇഡി വ്യക്തമാക്കി. ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് സാധിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മസാല ബോണ്ട് കേസിൽ ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്ക് നൽകിയ ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിനാണ് തോമസ് ഐസകിനെതിരെ ഇ.ഡി നിലപാട് വ്യക്തമാക്കിയത്. ഇഡി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസക്  ശ്രമിക്കുന്നത്. അന്വേഷണത്തിനെതിരായ ഐസകിന്റെ ഹർജി അപക്വമാണ്. വസ്തുത വിരുദ്ധമായ ആരോപണം ഐസക് ഇഡിക്കെതിരെ നടത്തുന്നു. അന്വേഷണത്തെ നിശ്ചലമാക്കാൻ ഐസക് ശ്രമിക്കുന്നു. മസാല ബോണ്ട് വിതരണത്തിലെ ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ ഐസകിന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. അന്വേഷണത്തിന്‍റെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് സമൻസ് അയച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  

താൻ ഫെമ നിയമലംഘനം നടത്തിയെന്ന് പറയുന്ന ഇ.ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹർജിയിൽ  ഐസക്കിന്റെ വാദം. നിലവിൽ കിഫ്ബിയിലെ ഇ.ഡി അന്വേഷണത്തിനെതിരെ 3 ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.