ഇഡിയുടെ സമന്‍സ് കിട്ടി; നാളെ ഹാജരാകില്ല: തോമസ് ഐസക്

മുന്‍ ധനമന്ത്രി തോമസ് ഐസക് നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്ന് ഇ മെയില്‍ വഴിയാണ് സമന്‍സ് കിട്ടിയതെന്നും പാര്‍ട്ടി ക്ലാസ് നടക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്നുമാണ് തോമസ് ഐസകിന്‍റെ വാദം. സമന്‍സിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

ഇന്ന് രാവിലെയും തനിക്ക് ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ മെയില്‍ വഴി സമന്‍സ് ലഭിച്ചത്. 13ന് സ്പീഡ് പോസ്റ്റ് വഴി ഇ.ഡി. അയച്ച നോട്ടീസ് താന്‍ ആലപ്പുഴയില്‍ പണ്ട് താമസിച്ചിരുന്ന വാടകവീട്ടിലാണ് എത്തിയതെന്ന് തോമസ് ഐസക് പ്രതികരിച്ചു. ഇന്ന് സമന്‍സ് തന്നിട്ട് നാളെ ഹാജരാകാന്‍ പറഞ്ഞാല്‍ സാധിക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. തുടര്‍  നടപടി എന്തുവേണമെന്ന് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും.

അക്കൗണ്ട് ബുക്കുകളും രേഖകളുമായി ഹാജരാകണമെന്നാണ് ഇ.ഡി അയച്ചിരിക്കുന്ന സമന്‍സ്. മസാലബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത് ഫെമ നിയമത്തിന്‍റെ ലംഘനമാണെന്നാണ് ഇ.ഡി കേസ്. എന്നാല്‍ ബോഡി കോര്‍പറേറ്റായ കിഫ്ബിക്ക് മസാലബോണ്ട് വഴി വായ്പയെടുക്കാമെന്ന് തോമസ് ഐസക് പ്രതികരിച്ചു. വിവാദമായതിന് പിന്നാലെ ആര്‍.ബിഐ ഈ ചട്ടം ഭേദഗതി ചെയ്യുകയായിരുന്നു. ഇത് കിഫ്ബി ധനസമാഹരണം നടത്തിയതിനുശേഷമാണ്. ആക്സിസ് ബാങ്കിനെ ബോണ്ടിന്‍റെ ലീഡ് മാനേജരാക്കിയത് ടെന്‍ഡര്‍ വിളിച്ചായിരുന്നു. ഇ.ഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണെന്നും തോമസ് ഐസക് ആരോപിച്ചു.