ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍; തുക നല്‍കാത്ത സംഭവത്തില്‍ വിശദീകരണം തേടും

ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ കഴിഞ്ഞ ബജറ്റുകളില്‍ അനുവദിച്ച തുക നല്‍കാത്ത സംഭവത്തില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് വിശദീകരണം ചോദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഉദ്യോഗസ്ഥരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. ബജറ്റില്‍ അനുവദിച്ച 35 ലക്ഷം രൂപ നല്‍കാതെ ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന മനോരമന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് സ്പീക്കറുടെ ഇടപെടല്‍.

ഭിന്നശേഷിക്കാര്‍ക്ക് ബജറ്റില്‍ അനുവദിച്ച തുക നല്‍കാത്തത് ഏറെ ഖേദകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വകുപ്പ് മന്ത്രിയെ വിളിച്ചു കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന്  ആവശ്യപ്പെടുമെന്നും സ്പീക്കര്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവമാണോ ഇതിനു പിന്നിലെന്നും അന്വേഷിക്കും.ഒാള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്   സ്വയം തൊഴില്‍ ആരംഭിക്കാന്‍ രണ്ടു ബജറ്റുകളിലായി 35 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്.പണം ലഭിക്കാത്തതിനാല്‍ ജോലിചെയ്യാന്‍ കഴിയാതെ വീടുകളില്‍ കഴിയുകയാണ് ഭിന്നശേഷിക്കാര്‍.