തിരുവനന്തപുരത്ത് 40000 വോട്ടിന്‍റെ കുറവ്; വിജയപ്രതീക്ഷ കൈവിടാതെ മുന്നണികള്‍

tvm
SHARE

തിരുവനന്തപുരത്ത് വന്‍തോതില്‍ പോളിങ് കുറഞ്ഞെങ്കിലും വിജയപ്രതീക്ഷ കൈവിടാതെ യു.ഡി.എഫ്. അമ്പതിനായിരത്തിലധികം ഭൂരിപക്ഷം ശശി തരൂര്‍ കണക്ക് കൂട്ടുമ്പോള്‍ ഇരുപതിനായിരം വോട്ടിന്റെ ലീഡാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബി.ജെ.പി പ്രതീക്ഷ പതിനയ്യായിരം വോട്ടിന്റെ ലീഡിലേക്ക് ഒതുങ്ങി.

2019വുമായി താരതമ്യം ചെയ്യുമ്പോള്‍ നാല്‍പ്പതിനായിരത്തോളം വോട്ടിന്റെ കുറവാണ് തിരുവനന്തപുരത്ത്. ആ കുറഞ്ഞ വോട്ടുകള്‍ ആരുടേതെന്നതിലാണ് തലസ്ഥാനത്തെ കൂട്ടലും കിഴിക്കലും.   രാജീവ് ചന്ദ്രശേഖറിന് അനുകൂലമാകുമെന്ന് കരുതിയ നഗരമണ്ഡലങ്ങളിലാണ് വന്‍തോതില്‍ വോട്ടിങ് കുറഞ്ഞത്. തരൂരിനെ എന്നും തുണക്കുന്ന ഗ്രാമമണ്ഡലങ്ങളിലും തീരപ്രദേശത്തും പോളിങ് 70 ശതമാനത്തിലേക്കെത്തുകയും ചെയ്തു. അതിനാല്‍ പോളിങ് കുറഞ്ഞത് അനുസരിച്ച് ലീഡ് കുറയുമെങ്കിലും അപകടമൊന്നും യു.ഡി.എഫ് ക്യാംപ് കാണുന്നില്ല. നാലാം വിജയം ഉറപ്പിച്ചെന്ന ആത്മവിശ്വാസത്തോടെ തരൂര്‍ ദേശീയപ്രചാരണത്തിനായി  പറക്കുകയും ചെയ്തു. നഗരത്തില്‍ വോട്ട് കുറഞ്ഞത് ബി.ജെ.പിക്കുള്ളിലെ അടിയൊഴുക്കുകള്‍ കാരണമാണെന്ന ചര്‍ച്ച അവര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന ഏക ഘടകം  രാജഗോപാല്‍ തരൂരിനെ വിറപ്പിച്ച  2014ലേതിന് സമാനമാണ് ഇത്തവണത്തെ വോട്ടിങ് പാറ്റേണ്‍ എന്നതാണ്. അതിനൊപ്പം തീരദേശവോട്ടുകള്‍ ഇടതിനും വലതിനുമിടയില്‍ ഭിന്നിച്ചാല്‍ 15000 വോട്ടിന് ജയിക്കാമെന്നാണ് കണക്ക്. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാന്‍ തയാറാകാത്ത രാജീവ് ചന്ദ്രശേഖര്‍ ഇന്ന് ബെംഗളൂരുവിലേക്ക് മടങ്ങും.

2014ന് ശേഷമുള്ള ഏറ്റവും വലിയ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇടത് ക്യാംപ്. കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തായ നഗരത്തില്‍ വോട്ട് കുറഞ്ഞതും രണ്ടാം സ്ഥാനത്തുള്ള ഗ്രാമപ്രദേശത്ത് വോട്ട് കൂടിയതുമാണ് പ്രതീക്ഷക്ക് അടിസ്ഥാനം. ന്യൂനപക്ഷ വോട്ടുകള്‍ തുണക്കുക ചെയ്താല്‍ അട്ടിമറി വിജയം സ്വപ്നം കാണുന്ന അവര്‍ 2009ന് ശേഷം നഷ്ടമായ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.

Trivandrum loksabha election 2024 udf

MORE IN KERALA
SHOW MORE