അപകടത്തിൽ മരിച്ച മകന്റെ അവയവങ്ങൾ ദാനം ചെയ്ത് ഒരമ്മ; ഉലയാത്ത നന്മ

ഭര്‍ത്താവിനേയും ഏക മകനേയും നഷ്ടപ്പെട്ടിട്ടും തളരാതെ ഒരമ്മ. കൊല്ലം ശൂരനാട് നോര്‍ത്തില്‍ വിജയ ശ്രീയാണ് മകന്റെ അവയവം മരണാനന്തരം ദാനം ചെയ്ത് മാതൃകയാകുന്നത്. 2019ലെ ആദ്യ ദാതാവായി മാറിയിരിക്കുകയാണ് മകൻ അമൽ(21). 

അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളജിലെ രണ്ടാം വര്‍ഷ  ബികോം വിദ്യാര്‍ഥിയായിരുന്നു അമൽ.  അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള(58) ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിയില്‍നിന്നും വിരമിച്ചു നാട്ടിലേക്കു മടങ്ങവെ ഇരുവരും സഞ്ചരിച്ച കാര്‍ ഭരണക്കാവിൽ വ‌ച്ച് ബസുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ രാജന്‍ പിള്ള തല്‍ക്ഷണം മരിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അമലിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ടതിന്റെ വേദനയിലും അമലിന്റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ വിജയശ്രീ സമ്മതിച്ചു.   മകന്‍ അമല്‍രാജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകർ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. വിജയശ്രീ  സമ്മതം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള  രോഗിക്കും ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിൽസയിലുള്ള രണ്ടു രോഗികൾക്കും കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസി(മൃതസഞ്ജീവനി) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.