ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിക്കണം; അവയവദാനത്തിൽ ഇടപെട്ട് കോടതി

സംസ്ഥാനത്ത് അവയവദാനത്തിന് അനുമതി തേടി അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.  ക്രിമിനൽ പശ്ചാത്തലമുണ്ടെന്നതിൻറെ പേരിൽ അവയവദാനത്തിന് അനുമതി നിഷേധിച്ച മേൽനോട്ടസമിതി തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിർദേശം. രോഗികൾ അവയവം സ്വീകരിക്കാനുള്ള അനുമതിക്ക് മാസങ്ങളോളം കാത്തിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾ അവയവദാനത്തിന് അനുമതി ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. മേൽനോട്ടസമിതിയുടെ അനുമതി ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. അവയവ ദാനത്തിനുള്ള അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്ക്കകം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണം. ഒരാഴ്ചയ്ക്കകം പരിഗണിച്ചില്ലെങ്കിൽ മേൽനോട്ട സമിതി അതിന്റെ കാരണം വ്യക്തമാക്കണം. ചീഫ് സെക്രട്ടറി എത്രയും വേഗം ഇക്കാര്യങ്ങൾ വ്യക്തമാക്കി സർക്കുലർ ഇറക്കണണെന്നും ഹൈക്കോടതി നിർദേശിച്ചു. ഒന്നിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന കാരണത്തിൽ അവയവദാനത്തിന് അനുമതി നിഷേധിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ബാലിശമായ കാരണങ്ങളുടെ പേരിൽ അവയവദാനത്തിന് അനുമതി നിഷേധിച്ച മേൽനോട്ടസമിതിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ക്രിമിനൽ കിഡ്നി, ക്രിമിനൽ ഹൃദയം എന്നൊന്നുമില്ലെന്ന് ഓർമിപ്പിച്ച കോടതി മേൽനോട്ട സമിതി ഇല്ലാത്ത അധികാരം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് വിമർശിച്ചു. ഭാവിയിൽ ഇത്തരം സമിതികൾ ജാതിയുടെയും മതത്തിൻറയും അടിസ്ഥാനത്തിൽ അനുമതി നൽകുമോയെന്നും കോടതി ചോദിച്ചു. ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന കാരണത്താൽ അവയവദാനത്തിനുള്ള അനുമതി നിഷേധിച്ച മേൽനോട്ട സമിതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, അപേക്ഷ വീണ്ടും പരിശോധിച്ച് ഒരാഴ്ചയ്കകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.