അവയവ മാറ്റത്തിന് വിധേയരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കെഎസ്ഡിപി; കുറഞ്ഞചെലവില്‍ മരുന്നുകള്‍ നല്‍കും

അവയവമാറ്റത്തിന് വിധേയരായ രോഗികൾക്ക് തണലേകാന്‍ കേരളാ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഒരുങ്ങുന്നു. കുറഞ്ഞ ചിലവിൽ മരുന്നുകള്‍ ഉല്‍പാദിപ്പിച്ച് രോഗികള്‍ക്ക് താങ്ങാവാനാണ് ഈ പൊതുമേഖലാസ്ഥാപനം തയ്യാറെടുക്കുന്നത്. ലൈസന്‍സ് ലഭിക്കുന്ന മുറയ്ക്ക് മരുന്നുകള്‍ വൈകാതെ വിപണിയിലെത്തുമെന്ന് ചെയർമാൻ സിബി ചന്ദ്രബാബു മനോരമ ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് അവയവ ശസ്ത്രക്രിയയ്ക്ക് വിധേയരായ ഏഴായിരത്തോളം പേര്‍ക്ക് ആശ്വാസമേകുന്നതാണ് കെ.എസ്.‍ഡി.പിയിലെ പുതിയ മരുന്നുകള്‍. ശസ്ത്രക്രീയക്ക് ശേഷം ജീവിതകാലം മുഴുവൻ കഴിക്കേണ്ട മരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വിലയുണ്ട്. ഇവയാണ് ഈ പൊതുമേഖാലസ്താപനത്തില്‍ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്നത്. പതിനൊന്നിനം മരുന്നുകളാണ് നിര്‍മിക്കേണ്ടത്.  

മരുന്നുകളുടെ സ്റ്റെബിലൈസേഷൻ പരിശോധനകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഓൺലൈൻവഴി രാജ്യത്തെങ്ങും കുറഞ്ഞ ചിലവിൽ മരുന്നെത്തിക്കാനാണ് നീക്കം. അതേസമയം കോവിഡ് കാലത്ത് ആരംഭിച്ച സാനിറ്റൈസര്‍ നിര്‍മാണത്തില്‍ വലിയ നേട്ടമാണ് കെ.എസ്.ഡി.പിക്ക് ഉണ്ടായത്. ഇതിനകം ഏകദേശം ഇരുപത് ലക്ഷം ലിറ്ററാണ് ഉല്‍പാദനം

കാന്‍സര്‍ രോഗത്തിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നതിന്റെ ഒരുക്കത്തില്‍ കൂടിയാണ് കേരളത്തിന് അഭിമാനമായ ഈ പൊതുേമഖലാ സ്ഥാപനം