ആറുപേര്‍ക്ക് പുതുജീവനേകി ജിജിത്ത് യാത്രയായി

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ആറുേപര്‍ക്ക് പുതുജീവനായി. പൊതുരംഗത്ത് സജീവമായിരുന്ന തൃശൂര്‍ പുതുക്കാട് സ്വദേശി ജിജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ സ്വയം മുന്നോട്ട് വരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് അപകടത്തില്‍ ജിജിത്തിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മസ്തിഷ്ക മരണമുണ്ടായി. ഇതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്.

വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗിക്കും, കണ്ണും കരളും കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്കുമാണ് നല്‍കിയത്. അധ്യാപികയായ വിദ്യയാണ് ജിജിത്തിന്റെ ഭാര്യ. യാഷ്, ഇവാന്‍ എന്നിവര്‍ മക്കളാണ്.