ഐക്യത്തിന്‍റെ സന്ദേശവുമായി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ചടങ്ങ്; ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് നേതാക്കള്‍

kondotty-temple
SHARE

ഐക്യത്തിന്‍റെ സന്ദേശമുയര്‍ത്തി മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ ചടങ്ങ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ബിജെപി നേതാവ് സികെ പത്മനാഭനുമെല്ലാം ആഘോഷ ചടങ്ങില്‍ ഭാഗമാവാനെത്തി. 

നൂറ്റാണ്ടുകള്‍ പഴക്കമുളള ക്ഷേത്രത്തെ നാടാകെ ചേര്‍ന്ന് ഇന്നത്തെ ക്ഷേത്രമാക്കി മാറ്റിയ ചരിത്രം പങ്കുവച്ചാണ് തന്ത്രി തെക്കിനിയേടത്ത് അണനല്ലൂര്‍ പത്മനാഭന്‍  ഉണ്ണി നമ്പൂതിരിയുടെ പ്രസംഗം ആരംഭിച്ചത്. ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായപ്പോള്‍ വെളളി വിഗ്രഹം സംരക്ഷിച്ചത് മുസ്ലീം വീട്ടമ്മയായിരുന്നു. ദുര്‍ഗാവിഗ്രഹത്തിന്‍റെ ശില്‍പി ക്രൈസ്ത വിഭാഗത്തില്‍ നിന്നുളളയാണന്നും തന്ത്രി വൈകാരികമായി ഓര്‍മപ്പെടുത്തി. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സമൂഹ സദ്യയിലും ഭാഗമായാണ് മടങ്ങിയത്. 

പുനപ്രതിഷ്ഠ മുതല്‍ ക്ഷേത്രോല്‍സവം വരേയുളള എല്ലാ ചടങ്ങുകളും നാട്ടുകാരെല്ലാം ചേര്‍ന്നാണ് നടത്തുന്നത്. വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്തു തോല്‍പിക്കേണ്ട കാലമാണിതെന്ന് സികെ പത്മനാഭന്‍ പറഞ്ഞു. എം.കെ. രാഘവന്‍ എംപിയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE