കരൾ സലാം, സഖാവേ; ഈ ജന്മത്തിലെ വലിയ നന്മ: ഏരിയ സെക്രട്ടറിക്ക് കരൾ നൽകി പ്രിയങ്ക

തിരുവനന്തപുരം : പ്രിയങ്കയുടെ തീരുമാനം ഉറച്ചതായിരുന്നു; ജീവിതത്തിലേക്ക് തിരിച്ചെത്താൻ ആശുപത്രിക്കിടക്കയിൽ പോരാടിക്കൊണ്ടിരിക്കുന്ന പാർട്ടി സഖാവിന് തന്റെ കരൾ പകുത്തു നൽകുക. ഡിവൈഎഫ്ഐ കരകുളം മേഖലാ ജോയിന്റ് സെക്രട്ടറിയും കരകുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ പ്രിയങ്ക (29)യുടെ കരൾ സ്വീകരിച്ച സിപിഎം പേരൂർക്കട ഏരിയ സെക്രട്ടറി എസ്.എസ്.രാജാലാൽ സുഖം പ്രാപിച്ചുവരുന്നു. കരൾ നൽകിയതിനെ തുടർന്ന് ഒരു മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രിയങ്ക ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്. 

രാജാലാലിന് അസുഖമാണെന്നു നേരത്തെ അറിഞ്ഞിരുന്നു. എങ്കിലും നില ഗുരുതരമാണെന്നും കരൾ മാറ്റിവയ്ക്കാതെ ജീവൻ രക്ഷിക്കാനാവില്ലെന്നും ദാതാവിനെ തേടുകയാണെന്നും പ്രിയങ്ക അറിഞ്ഞത് സിപിഎം ഏണിക്കര ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിൽനിന്നായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവിന് തന്റെ കരൾ യോജിക്കുമെങ്കിൽ നൽകണമെന്ന് ആ നിമിഷം തന്നെ തീരുമാനിച്ചു. ഇക്കാര്യം പാർട്ടി നേതാക്കളെ അറിയിച്ചു. ആരുടെയും സ്വാധീനത്തിനു വഴങ്ങിയല്ല തീരുമാനമെന്നു വ്യക്തമാക്കിയതോടെ അവരും സമ്മതിച്ചു. ഒരു ഉറപ്പ് മാത്രമേ പ്രിയങ്ക ചോദിച്ചുള്ളൂ: ശസ്ത്രക്രിയ കഴിയുന്നതുവരെ ഡോണർ ആരെന്ന് ആരെയും അറിയിക്കരുത്.

കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ജൂലൈ 11 ന് അഡ്മിറ്റ് ആയി. പിറ്റേന്ന് ശസ്ത്രക്രിയ നടന്നു. 12 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഒരാഴ്ച ഐസിയുവിൽ. വേദനയും അസ്വസ്ഥതയും മാറി മാറി വന്ന ദിനരാത്രങ്ങൾ. മകൾ തീർഥയെ കാണാൻ കഴിയാത്തതിന്റെ സങ്കടം. വേദനകൾ പലതായിരുന്നുവെങ്കിലും രാജാലാലിന് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലായിരുന്നു പ്രിയങ്ക. 

‘ജീവിച്ചിരിക്കുമ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണിത്. ഒരു ജന്മത്തിൽ ചെയ്യാനാവുന്ന വലിയ നന്മ’’– പ്രിയങ്ക പറയുന്നു. ആശുപത്രിയിലായിരുന്ന ദിവസങ്ങളിൽ തീർഥയെ സ്വന്തം മകളെപ്പോലെ നോക്കിയ കരകുളം ലോക്കൽ സെക്രട്ടറി അജിത്തിന്റെ ഭാര്യ അജനയോടും പ്രിയങ്ക നന്ദി പറയുന്നു. രാജാലാൽ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുകയാണ്; 2 മാസത്തെ വിശ്രമത്തിനു ശേഷം ജോലിയിലേക്കും പാർട്ടി പ്രവർത്തനത്തിലേക്കും തിരികെയെത്താൻ പ്രിയങ്കയും.