6 പേർക്കു ‘പുതുജീവൻ’; സച്ചു ഇനിയെന്നും ഓർമയുടെ ഹൃദയവാതിൽക്കൽ

കൂരോപ്പട: മസ്തിഷ്ക മരണത്തെ തുടർന്ന് അവയവ ദാനത്തിലൂടെ 6 പേർക്കു ‘പുതുജീവൻ’ നൽകി വിട പറഞ്ഞ സച്ചു എം.സജിക്കു( 23) നാടിന്റെ യാത്രാമൊഴി. സച്ചുവിന്റെ ഹൃദയം സ്വീകരിച്ച നന്ദകുമാറിന്റെ പിതാവ് കെ.സി.പ്രസാദും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ ളാക്കാട്ടൂരിലെ‍ മുളംകുന്നത്തു വീട്ടിലെത്തി. കഴിഞ്ഞ 5നു രാത്രി തിരുവഞ്ചൂരിൽ ബൈക്കപകടത്തിലാണ് സച്ചുവിനു പരുക്കേറ്റത്.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു  മസ്തിഷ്ക മരണം സംഭവിച്ചത്.

സച്ചുവിന്റെ ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കളായ എം.ഡി. സജിയും സതിയും ഭാര്യ ശാലുവും സമ്മതമേകി. ശനിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിപിഎം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, റജി സഖറിയ, ഫിലിപ് ജോസഫ്, ഫിൽസൺ മാത്യൂസ്, കെ. എം. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി പാമ്പാടി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. 

നന്ദകുമാർ സുഖം പ്രാപിക്കുന്നു

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ നന്ദകുമാറി(25)ന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. കട്ടിലിൽ ഇരിക്കാനും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാനും തുടങ്ങി. നന്ദകുമാറിനെ കാണാൻ അച്ഛൻ പ്രസാദിനെ അനുവദിച്ചു. അമ്മ സിന്ധുവും സഹോദരനും വിഡിയോ കോൾ വഴി നന്ദകുമാറിനെ കണ്ടു. ഹൃദയം നന്ദകുമാറിന്റെ ശരീരവുമായി പെരുത്തപ്പെട്ടുതുടങ്ങിയെന്നും ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്നും ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാർ പറഞ്ഞു.

പെരുമ്പാവൂർ കീഴില്ലം സ്വദേശിയാണു നന്ദകുമാർ.  വെള്ളിയാഴ്ചയാണ് 9 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ഈ സമയദൈർഘ്യം കോട്ടയം മെഡിക്കൽ കോളജിൽ ഇതാദ്യം. ജന്മനാലുള്ള ആരോഗ്യ പ്രശ്നമായതിനാൽ അതീവ സങ്കീർണമായിരുന്നു ശസ്ത്രക്രിയ. മുൻപ് 2 വട്ടം നന്ദകുമാർ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ട്. മൂന്നാംഘട്ടത്തിൽ ഹൃദയംമാറ്റിവയ്ക്കൽ നടത്തുന്നതും ഇവിടെ ആദ്യമാണ്.സച്ചുവിന്റെ വൃക്ക സ്വീകരിച്ച പൊൻകുന്നം പനമറ്റം സ്വദേശി യുവതിയുടെ നില മെച്ചപ്പെട്ടതായി നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാർ പറഞ്ഞു.