പെന്‍ഷന്‍ പ്രായം കൂട്ടുമോ?; ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ച സജീവമാകുന്നു

pension-age-kerala
SHARE

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുമോ? ജീവനക്കാര്‍ക്കിടയില്‍ ചര്‍ച്ച വീണ്ടും സജീവമാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ  ഈ മാസം വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ മാത്രം  9357 കോടിയിലേറെ  രൂപ വേണ്ടിവരുമെന്നതാണ് വാര്‍ത്തകള്‍ക്കാധാരം. കേള്‍ക്കുന്ന വാര്‍ത്തകള്‍ സത്യമാണോയെന്നു സര്‍ക്കാരാണ് വ്യക്തമാക്കേണ്ടതെന്നു യുഡിഎഫ് സംഘടനകള്‍. 

വീണ്ടും ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടുമെന്ന വാര്‍ത്തകള്‍ സജീവമാകുകയാണ്.  മേയ് മാസത്തില്‍ വിരമിക്കുന്നവര്‍ 18317 പേര്‍. വിരമിക്കല്‍ ആനുകൂല്യമായി വേണ്ടത് 9357 കോടിയിലേറെ രൂപ. തസ്തികയനുസരിച്ച് ഒരാള്‍ക്ക് പത്തു ലക്ഷം മുതല്‍ 90 ലക്ഷം വരെ വിരമിക്കല്‍ ആനുകൂല്യം വരാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പോകുന്ന സര്‍ക്കാര്‍ പെന്‍ഷന്‍പ്രായം 57 ആക്കുമോയെന്നാണ് ജീവനക്കാര്‍ക്കിയിടയില്‍ ചര്‍ച്ച മുറുകുന്നത്. വിരമിക്കല്‍ പ്രായം  ഒരു വര്‍ഷം മാറുമ്പോള്‍ വലിയ ആശ്വാസം സര്‍ക്കാരിനുണ്ടായേക്കും. നേരത്തെ കെ.മോഹന്‍ദാസ് അധ്യക്ഷനായുള്ള ശമ്പള പരിഷ്കരണ കമ്മിഷന്‍ പെന്‍ഷന്‍ പ്രായം 57 ആക്കാമെന്നു ശുപാര്‍ശ നല്‍കിയിരുന്നു. ഇടതു പക്ഷാനുകൂല സര്‍വീസ്  സംഘടനകള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സര്‍ക്കാരിനോടു വ്യക്തത തേടുകയാണ് പ്രതിപക്ഷ സംഘടനകള്‍.

പെന്‍ഷന്‍ പ്രായം കൂട്ടുമെന്ന ആലോചന വന്നപ്പോള്‍ തന്നെ യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല. 

MORE IN KERALA
SHOW MORE