‘പ്രേമചന്ദ്രന്‍ സംഘിയാക്കിയെങ്കില്‍ ജയരാജന്‍ കര്‍സേവകന്‍’; വിമര്‍ശിച്ച് രാഹുല്‍

rahul-nkp-ep-2704
SHARE

ബിജെപിയുടെ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കണ്ടത് ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. ഇ.പി ജയരാജനും പിണറായിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിക്ക് ഒപ്പം കാന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന് എന്‍.കെ പ്രേമചന്ദ്രനെ ബിജെപിയില്‍ പോകുന്നതായി പ്രചാരണം നടത്തി സംഘിയാക്കി. ഒരു പൊതുയിടത്ത് ചായ കുടിച്ച എന്‍.കെ പ്രേമചന്ദ്രനെ സംഘി എന്ന് വിളിക്കാമെങ്കില്‍ ഇ.പി ജയരാജനെ കര്‍സേവകന്‍ എന്ന് വിളിക്കണമെന്ന് രാഹുല്‍ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞത്.

ഇ.പി തന്നെ പറയുന്നുണ്ട് മകന്റെ ഫ്ലാറ്റിലേക്ക് പോകുന്ന പതിവ് തനിക്ക് ഇല്ലെന്ന്. പിന്നെ എങ്ങനെയാണ് ഇ.പി ആ ഫ്ലാറ്റില്‍ ഉണ്ടാകുമെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ അറിഞ്ഞതെന്നും രാഹുല്‍ ചോദിക്കുന്നു. 

ദീര്‍ഘാകാലം തന്റെ സുഹൃത്തായിരുന്ന പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി അടൂരിലെ തന്റെ വീട്ടിന്റെ മുന്നിലൂടെ ഈ തിരഞ്ഞെടുപ്പ് കാലത്ത് പലതവണ പോയിട്ടും വോട്ടുചോദിക്കാന്‍ പോലും വീടിന്റെ പടി കയറിയില്ല എന്നത് ഒരു പൊങ്ങച്ചമായി തന്നെ പറയുമെന്നും രാഹുല്‍ പറയുന്നു. അങ്ങനെ സാഹചര്യമുള്ള കേരളത്തില്‍ പിന്നെ ഇ.പിയുടെ മകന്റെ ഫ്ലാറ്റില്‍ പ്രകാശ്ര്‍ജാവഡേക്കര്‍ എത്തുന്നത് അസ്വഭാവികമാണ്. ജാവഡേക്കറെ കാണുന്നത് അസ്വാഭാവികത ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം പലതവണ ജാവഡേക്കറെ കണ്ടുവെന്നും പറയുന്നു. ബോര്‍ഡ് മെംബര്‍ പോലും അല്ലാത്ത ജാവഡേക്കറെ എന്തിന് കണ്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്നു.

Rahul Mamkootathil against CPM 

MORE IN KERALA
SHOW MORE