ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ ശിങ്കാരിമേളം; ആരാധകരുടെ കൈയ്യടി

ഭിന്നശേഷി വിഭാഗക്കാരായ 201 വിദ്യാർഥികൾ ശിങ്കാരിമേളം കൊട്ടി ഗിന്നസ് ബുക്കിൽ ഇടംപിടിക്കാൻ ശ്രമം നടത്തി. രാജ്യാന്തര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായാണ് ശിങ്കാരിമേളം കൊട്ടിയത്. 

കലയിലെ വൈഭവം കാട്ടിക്കൊടുക്കാൻ ഭിന്നശേഷി വിഭാഗക്കാരായ 201 വിദ്യാർഥികൾ ഒന്നിച്ചപ്പോൾ തൃശൂർ തേക്കിൻകാട് മൈതാനം മേളാരവത്തിൽ മുങ്ങി.  രാജ്യാന്തര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി വൈഭവ് ജനവികസന കേന്ദ്രം, കുടുംബശ്രീ ജില്ലാമിഷൻ, പരിവാർ രക്ഷാകർത്തൃസംഘടന എന്നിവയുടെ നേതൃത്വത്തിലാണ് മെഗാ ശിങ്കാരിമേളം സംഘടിപ്പിച്ചത്. പ്രകടനം ഗിന്നസ് ബുക്കിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷയെന്നു ഭാരവാഹികൾ അറിയിച്ചു. 

കുടുംബശ്രീയുടെ ബഡ്സ് സ്കൂളിൽ നിന്നും കോർപറേഷൻ പരിധിയിൽ നിന്നും തിരഞ്ഞെടുത്ത 201 ഭിന്നശേഷിക്കാരായ കുട്ടികലാകാരന്മാരാണു മെഗാ ശിങ്കാരിമേളം അവതരിപ്പിച്ചത്. അരമണിക്കൂറോളം നിർത്താതെ മേളം അവതരിപ്പിച്ച കുട്ടികളെ കയ്യടിയോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. വിദ്യാർഥികൾക്ക് ചെണ്ടവാദ്യ കലാകാരന്മാരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. ഭിന്നശേഷി കലാകാരന്മാരുടെ  മെഗാശിങ്കാരിമേളം ആദ്യ സംഭവമാണെന്നതിനാൽ  ഗിന്നസ് ബുക്ക് അധികൃതർ പരിശോധിക്കും. സി.എൻ. ജയദേവൻ എംപി ഉദ്ഘാടനം ചെയ്തു