കൺസ്യൂമർ ഫെഡിൽ എംഡിയില്ലാതായിട്ട് ഏഴുമാസം, നിയമനത്തിന് നടപടിയില്ല

വര്‍ഷം രണ്ടായിരം കോടി രൂപ വിറ്റുവരവുള്ള കണ്‍സ്യൂമര്‍ഫെഡില്‍ എം.ഡിയില്ലാതായിട്ട് ഏഴുമാസം. ഓണക്കാലത്ത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ വില്‍പന നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടും പുതിയ എം.ഡിയെ വയ്ക്കാന്‍ സഹകരണവകുപ്പിനോ വകുപ്പ് മന്ത്രിക്കോ താല്‍പര്യമില്ല. നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി അടുത്തമാസം തീരുകയുമാണ്.  

മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എം.ഡി എം. രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. സഹകരണബാങ്ക് ജനറല്‍ മാനേജര്‍ക്ക് വരെ എം.ഡിയാകാന്‍ കഴിയുന്ന തരത്തില്‍ വഴിവിട്ട് നിയമ ഭേദഗതി വരുത്തി രാമനുണ്ണിയെ തിരികെ കൊണ്ടുവരാന്‍ സഹകരണവകുപ്പ് ശ്രമം നടത്തിയെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ ഉപേക്ഷിച്ചു. എം.ഡിയുടെ ചുമതല ജനറല്‍ മാനേജര്‍ക്ക് നല്‍കിയെങ്കിലും ചെയര്‍മാന്‍ അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.   

മുന്‍പ് നടന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ച നിര്‍ണായക രേഖകള്‍ ഇതിനിടെ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് കാണാതെപോയി. ചെയര്‍മാന്റ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടെ രേഖകള്‍ കാണാതെപോയ സംഭവത്തില്‍ െഎ.ടി വിഭാഗം കൈകാര്യം ചെയ്തിരുന്നവരും മുന്‍ എം.ഡിയെ പിന്തുണയ്ക്കുന്നവരായ രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തൊട്ടു പിന്നാലെയാണ് എല്ലാ ഗോഡൗണുകളിലും വിജിലന്‍സ് റെയ്ഡ് നടന്നതും ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്തതും. ഇങ്ങനെ ഒരു വശത്ത് ക്രമക്കേടും മറുവശത്ത് ഭരണതലത്തിലുള്ള  പകപോക്കലും  തുടരുമ്പോള്‍ നിയന്ത്രിക്കാന്‍ എം.ഡിയില്ല. അഡ്മിനിസ്ര്ടേറ്റീവ് കമ്മിറ്റിയുടെ കാലാവധിയാകട്ടെ അടുത്തമാസം തീരുകയുമാണ്.