കുറഞ്ഞ നിരക്കിൽ മെഡിക്കൽ കിറ്റുമായി കൺസ്യൂമർ ഫെഡ്; വിതരണം നീതി സ്റ്റോർ വഴി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്ത് കണ്‍സ്യൂമര്‍ ഫെഡ്. പൊതുവിപണിയില്‍ അറുന്നൂറ്റിമുപ്പത്തിയേഴ് രൂപ വിലവരുന്ന കിറ്റ് ഇരുന്നൂറ് രൂപയ്ക്കാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ വഴി കണ്‍സ്യൂമര്‍ ഫെഡ് വിതരണം ചെയ്യുന്നത് 

വിവിധ മരുന്നുകള്‍, ആരോഗ്യദായക ഉല്‍പ്പന്നങ്ങള്‍, മാസ്കുകള്‍, സാനിറ്റൈസര്‍ തുടങ്ങി പത്തിനങ്ങളടങ്ങിയ മെഡിക്കല്‍ കിറ്റാണ് കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പൊതുവിപണിയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് കണ്‍സ്യൂമര്‍ ഫെഡ് മെഡിക്കല്‍ കിറ്റ് നല്‍കുന്നത്. 50 രൂപ വിലവരുന്ന സാനിറ്റൈസര്‍ ഇരുപത്തിയഞ്ച് രൂപയ്ക്ക് ലഭിക്കും. 220 രൂപയുടെ വൈറ്റമിന്‍ സി ഗുളികയുടെ വില വെറും 54 രൂപ. കിറ്റിലുള്ള പത്തിനങ്ങള്‍ക്കും ഇത്തരത്തില്‍ വിലകിഴിവുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്‍റെ 78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്. 

സംസ്ഥാനത്തുടനീളം പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്ന ആയിരത്തോളം മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വരും ദിവസങ്ങളില്‍ കിറ്റ് നല്‍കും. കോവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തിയ്ക്ക് ശേഷം പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ മെഡിക്കല്‍ സംഘം നല്‍കുന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കിറ്റ് തയ്യാറാക്കി വിപണിയിലെത്തിക്കാനും കണ്‍സ്യൂമര്‍ ഫെഡ് തീരുമാനിച്ചിട്ടുണ്ട്.