കണ്‍സ്യൂമര്‍ഫെഡില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; സി.ഐ.ടി.യു നേതാവിന് നോട്ടീസ്

കണ്‍സ്യൂമര്‍ഫെഡില്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ ആറുലക്ഷം രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ സി.െഎ.ടി.യു നേതാവിന് നോട്ടീസ്. വര്‍ഷങ്ങള്‍ക്കുശേഷം ആരംഭിച്ച ഒാഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്. നോട്ടീസ് നല്‍കി  ഒന്നരമാസം കഴിഞ്ഞിട്ടും നേതാവ് വിശദീകരണം നല്‍കിയില്ലെന്ന് മാത്രമല്ല, നടപടി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. 

2012 2013 സാമ്പത്തിക വര്‍ഷത്തില്‍ ഏരൂര്‍ ഗോഡൗണില്‍ നിന്ന് ഇടുക്കി നീതി ഗോഗൗണിേലക്ക് അയച്ചുവെന്ന് പറയുന്ന ആറുലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യം അവിടെ എത്തിയിട്ടില്ലെന്നാണ് ഒൗഡിറ്റിങ്ങിലെ കണ്ടെത്തല്‍. കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ജെ ജിജുവാണ് അന്ന് ഏരൂര്‍ ഗോഡൗണ്‍ മാനേജര്‍. ഇക്കാര്യത്തില്‍  എന്തെങ്കിലും വിശദീകരണമുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും അല്ലാത്തപക്ഷം താങ്കളുടെ ബാധ്യതയായി കണക്കാക്കുമെന്നുമാണ് ജൂണ്‍ 22ന് നല്‍കിയ നോട്ടീസില്‍ പറയുന്നത്. 

ഒന്നരമാസം കഴിഞ്ഞിട്ടും വിശദീകരണം നല്‍കിയിട്ടില്ല. അക്കൗണ്ട്സ് മാനേജര്‍ തുടര്‍ നടപടിയും കൈക്കൊണ്ടിട്ടില്ല. എം.ഡി ഇന്‍ചാര്‍ജ് ഒപ്പിട്ടാണ് നോട്ടീസ് അയച്ചതെങ്കിലും അങ്ങനെയൊരു നോട്ടീസിനെക്കുറിച്ച് അറിയില്ലെന്നാണ് ഹെഡ് ഒാഫീസില്‍നിന്നുള്ള മറുപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയെക്കുറിച്ച് നേരത്തെ നടന്ന അഭ്യന്തര അന്വേഷണത്തിലും സഹകരണവകുപ്പിന്റ അന്വേഷണത്തിലും ഇതേ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. അതേസമയം കഴിഞ്ഞദിവസം മാത്രമാണ് നോട്ടീസ് കൈപ്പറ്റിയതെന്നും ഏരൂരില്‍ നിന്ന് അയച്ച സാധനങ്ങള്‍ ഇടുക്കിയിലെത്തിയില്ലെന്നുള്ള കണ്ടെത്തല്‍ തെറ്റാണന്നുമാണ് ജിജുവിന്റ വിശദീകരണം.