കുട്ടികളെത്തേടി സഞ്ചരിക്കുന്ന പുസ്തകവണ്ടി; സഹായവുമായി കൺസ്യൂമർഫെഡ്

ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കിലായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വീട്ടിലെത്തിച്ച് കണ്‍സ്യൂമര്‍ഫെഡ്. ബുക്കും ബാഗുമുള്‍പ്പെടെ വേണ്ടതെല്ലാം ജീവനക്കാര്‍ നേരിട്ട്  കുറഞ്ഞവിലയില്‍ വീടുകളിലെത്തിക്കും. സഞ്ചരിക്കുന്ന പുസ്തകവണ്ടിയും സ്കൂള്‍ ബസാറും കുട്ടികളെത്തേടി നിരത്തിലുമുണ്ടാകും. 

വിദ്യാര്‍ഥികളെത്തേടിയുള്ള വരവാണ്. വീടുകളിലെത്തി പഠനോപകരണങ്ങളുടെ ആവശ്യകത ചോദിച്ചറിയും. ബുക്ക്, ബാഗ്, കുട, പെന്‍സില്‍ തുടങ്ങി സകലതുമുണ്ട്. ആവശ്യത്തിനനുസരിച്ച് കൈമാറും. പൊതുവിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ നിലവാരമുള്ള പഠനോപകരണങ്ങള്‍. കോവിഡ് കാലത്തെ സ്കൂള്‍ വിപണി വീട്ടുപടിക്കലേക്ക് മാറ്റി പ്രതിസന്ധി മറികടക്കുന്നതിനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ ശ്രമം. വീട്ടിലെത്തിയുള്ള വില്‍പനയാണെങ്കിലും അധിക വിലയില്ല. ഫോണില്‍ വിളിച്ചറിയിച്ചാലും പഠനോപകരണങ്ങള്‍ കൈമാറും. 

വീടുകളിലെത്തിയുള്ള വില്‍പനയ്ക്കായി രണ്ടായിരത്തി എണ്ണൂറ് ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വിപണിയിലെ ചലനം മനസിലാക്കി കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്തും. ഇതോടൊപ്പം കണ്‍സ്യൂമര്‍ഫെഡിന്റെ അംഗീകൃത സ്കൂള്‍ ബസാറുകളും പ്രത്യേക ഇടങ്ങളില്‍ പ്രവര്‍ത്തിക്കും.