ആദ്യം ആഡംബര കാര്‍; പിന്നെ ചെറുകാര്‍: ബിഷപ്പ് ‘മുങ്ങി’പ്പൊങ്ങിയത് ഇങ്ങനെ

മണിക്കൂറുകൾ നീണ്ട നാടകത്തിനൊടുവിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിലേക്ക് എത്തിയത്. ജലന്ധറില്‍നിന്ന് നേരത്തെ വളരെ രഹസ്യമായി  കേരളത്തിലെത്തിയ ബിഷപ്പ് പൊലീസ് അകമ്പടിയോടെയാണ് ചോദ്യംചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച്  ഒാഫീസിലെത്തിയത്.

ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കേരളത്തിലെത്തുന്നതിന്റെ എല്ലാ വിവരങ്ങളും തീര്‍ത്തും രഹസ്യമാക്കിയായിരുന്നു ജലന്ധറില്‍നിന്നുള്ള ബിഷപ്പിന്റെ യാത്ര.  തൃശൂര്‍ അയ്യന്തോളിലുള്ള സഹോദരനും ബിസിനസുകാരനുമായ ഫിലിപ്പിന്റെ വീട്ടില്‍ ബിഷപ്പുണ്ടെന്ന സൂചനയില്‍ ഇന്ന് രാവിലെ അവിടേക്ക്  മാധ്യമങ്ങള്‍ എത്തിയിരുന്നു . എന്നാല്‍ എട്ടരയോടെ ഈ വീട്ടില്‍നിന്ന് കൊച്ചിക്ക് പുറപ്പെട്ട കാറില്‍ സഹോദരന്‍ ഫിലിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. 

എളമക്കരയിലെ ബന്ധുവീട്ടില്‍ ഈ കാറിന്റെ യാത്ര അവസാനിക്കുന്ന സമയത്ത്  മറ്റൊരു ചെറുകാറില്‍ ബിഷപ്പ് രഹസ്യമയി കൊച്ചിക്ക് വരികയായിരുന്നു. തൃശൂര്‍ എറണാകുളം അതിര്‍ത്തിയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് രാവിലെ ആഡംബര കാറില്‍ കൊച്ചിക്ക് തിരിച്ച ബിഷപ്പ് ദേശീയപാതയില്‍വച്ച് ചെറുകാറിലേക്ക് യാത്ര മാറ്റുകയായിരുന്നു. പതിനൊന്നുമണിയോടെ ബിഷപ്പ് തൃപ്പൂണിത്തുറ  ക്രൈംബ്രാഞ്ച്  ഒാഫീസിലെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങളടക്കമാണ് ഇവിടെ കാത്തുനിന്നത്. 

എന്നാല്‍ സാധാരണ വാഹനങ്ങള്‍ കടത്തിവിടുന്ന വഴിവിട്ട്  മറ്റൊരു ഗെയിറ്റിലൂടെയാണ് ബിഷപ്പിന്റെ കാര്‍ പൊലീസ് അകമ്പടിയോടെ ക്രൈംബ്രാഞ്ച്  ഒാഫീസിനുള്ളിലെത്തിച്ചത്.