മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതില്‍ പാളിച്ച; പ്രോസിക്യൂഷന്‍ വീഴ്ചകള്‍ ഇങ്ങനെ

ഫ്രാങ്കോ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് വിചാരണക്കോടതി. കേസില്‍ നിര്‍ണായകമാകുമായിരുന്ന ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണസംഘം പരാജയപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗം ചെയ്തതായി കന്യാസ്ത്രീ തന്നോട് പറഞ്ഞിട്ടില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കോടതിയെ അറിയിച്ചു.

ബലാല്‍സംഗ കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മൂന്നു മൊബൈല്‍ ഫോണുകളും ഒരു ലാപ് ടോപ്പും പിടിച്ചെടുക്കുന്നതില്‍ അന്വേഷണസംഘം ഗുരുതര അലംഭാവം കാണിച്ചെന്നാണ് വിമര്‍ശനം. ബിഷപ്പ് ഫ്രാങ്കോ അശ്ലീല സന്ദേശം അയച്ചുവെന്ന് പറയുന്ന അതിജീവിതയുടെ മൊബൈല്‍ സിം സഹിതം ആക്രിക്കച്ചവടക്കാരന് വിറ്റുവെന്ന മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. കേസില്‍ അതിജീവിതയുടെ വാദങ്ങള്‍ക്ക് പിന്‍ബലമേകുമായിരുന്ന മറ്റ് രണ്ട് സാക്ഷികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതിലും അന്വേഷണസംഘം അലംഭാവം കാണിച്ചു. 

ഇത് കാര്യങ്ങള്‍ പ്രതിഭാഗത്തിന് അനുകൂലമാക്കി. അതിജീവിത ഉപയോഗിച്ചിരുന്ന സന്യാസസമൂഹത്തിന്‍റെ ലാപ്ടോപ്പ് പിടിച്ചെടുക്കുന്നതിലും വീഴ്ചയുണ്ടായി. കേസ് റജിസ്റ്റര്‍ ചെയ്ത ശേഷവും മാസങ്ങളോളം ഈ ലാപ്ടോപ്പ് സര്‍വീസ് സെന്‍ററിലായിരുന്നു. ഇതുവഴി അതിജീവിതയ്ക്ക് അനുകൂലമാകാനിടയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നഷ്ടമായി. ബിഷപ്പ് ലൈംഗികമായി ഉപദ്രിവിക്കുന്ന കാര്യം കര്‍ദിനാള്‍ മാര്‍ ജര്‍ജ് ആലഞ്ചേരിയെ അതിജീവിത അറിയിച്ചെന്ന പ്രോസിക്യൂഷന്‍ വാദവും വിചാരണക്കോടതി തള്ളി. ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാളും അതിജീവിതയും കോടതിയില്‍ മൊഴി നല്‍കി. 

ബിഷപ്പ് ഫ്രാങ്കോ മഠത്തിലെ കന്യാസ്ത്രീമാരോട് മോശമായി സംസാരിക്കുന്നുവെന്ന പരാതി മാത്രമാണ് അതിജീവിത ഉന്നയിച്ചതെന്ന് കര്‍ദിനാള്‍ കോടതിയില്‍ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോയുടെ ഉപദ്രവം സഹിക്കാനാകാതെ വന്നപ്പോള്‍ സിറോ മലബാര്‍ സഭയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാകുമോ എന്നറിയാനാണ് അതിജീവിത തന്നെ കണ്ടതെന്ന കര്‍ദിനാളിന്‍റെ വാദം അതിജീവിതയും ശരിവച്ചു. കേസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിനുണ്ടായ വീഴ്ചയാണ് കേസിന്‍റെ മുനയൊടിച്ചതെന്ന വിമർശനമാണ് വിചാരണക്കോടതിയുടെ ഉത്തരവിലുള്ളത്

MORE IN BREAKING NEWS