കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന േകസ്: പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ നിയമോപദേശം. സ്പെഷ്യൽ പ്രാസിക്യൂട്ടർ ജിതേഷ് ബാബു, കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്ക് നിയമോപദേശം നൽകി.  നിയമവ്യാഖ്യാനത്തിലെ പിഴവുകൾക്ക് പുറമെ സാക്ഷി മൊഴികളും തെളിവുകളും തള്ളിയതിലെ അപാകതയും ചൂണ്ടിക്കാട്ടിയാകും  അപ്പീൽ നൽകുക. 

കോട്ടയം അഡീഷനൽ സെഷൻസ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. വിധിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ്  നിയമോപദേശം. ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന കോടതിയുടെ കണ്ടെത്തൽ നിർഭയക്കേസിന്  ശേഷം  വന്ന ഭേദഗതിക്ക് എതിരാണെന്നാണ് ഒരു വാദം.  മൊഴിയിലെ നിസ്സാര കാര്യങ്ങൾ പർവതീകരിച്ച് കാണിച്ചാണ്  മൊഴി വിശ്വാസയോഗ്യമല്ലെന്ന നിലപാടിൽ കോടതി എത്തിയത്. പ്രോസിക്യൂഷൻ അനുകൂലമായി മൊഴി നൽകിയവരെ വിശ്വാസത്തിലെടുക്കാത്തത് നീതിബോധത്തിന് എതിരാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടും.  കോടതിയിൽ നേരിട്ടെത്തി നൽകിയ പല മൊഴികളും അവഗണിച്ചതിന് പുറമെ ഹാജരാക്കിയ രേഖകളിൽ പലതും നിലനിൽക്കാത്ത സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പരിഗണിക്കാതിരുന്നതിലെ ശരികേടും അപ്പീലിൽ പരാമർശിക്കും.  സർക്കാരിൻ്റെ അനുമതി തേടിയുള്ള  അപേക്ഷ പൊലീസ് അടുത്ത ആഴ്ചയോടെ ആഭ്യന്തര സെക്രട്ടറിക്ക് നൽകും. വിദേശത്തുള്ള മുഖ്യമന്ത്രി ഈ മാസം ഒടുവില്‍ തിരികെയെത്തിയ ശേഷമേ അപ്പീല്‍ അനുമതിയില്‍ അന്തിമ അനുമതിയാകു. ഇരയായ കന്യാസ്ത്രീ സ്വന്തം നിലയ്ക്കും ഹൈക്കോടതിയെ  സമീപിക്കും. രണ്ട് അപ്പീലുകളും ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത.