വിധിയിൽ ഒട്ടേറെ പിഴവുകൾ; അപ്പീലിനുള്ള നീക്കങ്ങള്‍ ആരംഭിച്ച് പൊലീസ്

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിയില്‍ നിയമപരമായും വസ്തുതാപരമായും തെറ്റുകളെന്ന് പൊലീസിന് നിയമോപദേശം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. വിദേശത്തുള്ള മുഖ്യമന്ത്രി തിരികെയെത്തിയ ശേഷം അദേഹത്തിന്റെ അഭിപ്രായം തേടിയ ശേഷം അപ്പീല്‍ ഫയല്‍ ചെയ്യാനാണ് തീരുമാനം.

‌കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന േകസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം സെഷന്‍സ് കോടതി വിധിയില്‍ അപാകതയെന്ന പൊലീസ് നിലപാട് ശരിവയ്ക്കുന്നതാണ് വാക്കാലുള്ള നിയമോപദേശം. കേസിന്റെ വസ്തുതകള്‍ വിലയിരുത്തുന്നതിനൊപ്പം സാക്ഷി മൊഴികളും തെളിവുകളും തള്ളിയ നിയമവ്യാഖ്യാനത്തിലും പിഴവെന്നാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അന്വേഷണസംഘത്തെ അറിയിച്ചത്. നിയമപരമായി നോക്കിയാല്‍ തന്നെ മുപ്പതിലേറെ പിഴവുകള്‍ കാണാം. തെളിവ് നിയമം വ്യാഖ്യാനിച്ചിരിക്കുന്നതിലും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ വിലയിരുത്തിയതിലുമാണ് ഈ പിഴവുകള്‍. 

അതിനാല്‍ കുറ്റകൃത്യത്തിന്റെ വസ്തുതയിലേക്ക് കടക്കാതെ വിധിന്യായത്തിലെ പിഴവുകള്‍ മാത്രം ചൂണ്ടിക്കാട്ടി അപ്പീല്‍ അപേക്ഷ തയാറാക്കും. അപ്പീല്‍ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയാണ് ആദ്യ വെല്ലുവിളി. അതിന് ശേഷം കേസിന്റെ വസ്തുത വിലയിരുത്തിയതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അപ്പീല്‍ വാദവും തയാറാക്കും. ഈ തരത്തിലാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും നീക്കങ്ങള്‍. അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷ പൊലീസ് അടുത്ത ആഴ്ചയോടെ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കും. വിദേശത്തുള്ള മുഖ്യമന്ത്രി ഈ മാസം ഒടുവില്‍ തിരികെയെത്തിയ ശേഷമേ അപ്പീല്‍ അനുമതിയില്‍ അന്തിമ അനുമതിയാകു. എങ്കിലും തത്വത്തില്‍ അനുവാദമായതിനാല്‍ അപ്പീല്‍ അപേക്ഷ തയാറാക്കാനുള്ള നടപടിക്ക് തുടക്കമായി.