ക്യാംപുകളിലെ ശുചിമുറി മാലിന്യ സംസ്ക്കരണത്തിനായി മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റെത്തും

പ്രളയക്കെടുതില്‍പ്പെട്ട സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ശുചിമുറി മാലിന്യ സംസ്ക്കരണത്തിനായി മൊബൈല്‍ ട്രീറ്റ്മെന്റ് പ്ലാന്റെത്തും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കിയ പദ്ധതി ഫലപ്രദമെന്ന് കണ്ടതോടെയാണ് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ അരീന ഹൈജീന്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് സഞ്ചരിക്കുന്ന ചെലവ് കുറഞ്ഞ പ്ലാന്റിന് രൂപം നല്‍കിയത്. . 

പ്രളയക്കെടുതിയില്‍പ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നിരവധിയാളുകളുടെ താങ്ങുണ്ടായി. വസ്ത്രവും ഭക്ഷണവും പുനരധിവാസത്തിന് വേണ്ടതെല്ലാം പലരും സഹായിച്ചു. എന്നാല്‍ ശുചിമുറി മാലിന്യ സംസ്ക്കരണം പലയിടത്തും പ്രതിസന്ധിയായി. പരിഹാരമെന്ന നിലയിലാണ് കോര്‍പറേഷഷന്‍ പരിധിയില്‍ തുടങ്ങിയ പദ്ധതി വിപുലപ്പെടുത്തുന്നത്. എത്ര കൂടിയ അളവ് മാലിന്യവും സഞ്ചരിക്കുന്ന യൂണിറ്റെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ ശുദ്ധജലമാക്കി മാറ്റും. 

കോഴിക്കോട് നഗരപരിധിയിലെ 46 സ്കൂളുകളില്‍ സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫലപ്രദമെന്ന് ആരോഗ്യമന്ത്രി നേരിട്ട് മനസിലാക്കിയതോടെയാണ് മറ്റിടങ്ങളിലേക്ക് കൂടി പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 

ശുചീകരണം കഴിഞ്ഞ് പുറത്തേക്ക് വരുന്ന ജലം യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ല എന്നതും പ്രത്യേകതയാണ്. നിലവില്‍ രൂപകല്‍പന ചെയ്തിട്ടുള്ള പ്ലാന്റിന് പത്ത് ലക്ഷത്തിലധികം രൂപയാണ് ചെലവ്. ഇരുപതംഗ വിദഗ്ധ സംഘമാണ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.